പാലക്കാട്: പാലക്കാട്ടെ വോട്ടെടുപ്പിനിടെ വലിയ വിവാദമായ 'വോട്ടിന് നോട്ട്' ആരോപണത്തില്‍ കടുത്ത പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.
തനിക്കെതിരെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് സംശയമുണ്ടെന്നും ഇതിന് പിന്നില്‍ വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബിലാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ശോഭ പറഞ്ഞു. 'ഈ വിവാദത്തിന് പിന്നില്‍ ഒരു സംവിധായകനുണ്ട്, അത് ഷാഫി പറമ്ബിലാണ്. ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണോ എന്ന് പരിശോധിക്കണം. ഷാഫി പറമ്ബിലിന് ജമാഅത്തെ ഇസ്ലാമി ബന്ധമുണ്ടോ എന്ന് അറിയണമെങ്കില്‍ കെ.കെ. ശൈലജയോട് ചോദിച്ചാല്‍ മതി.' - ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ശോഭ പ്രതികരിച്ചത്. 'കാള പെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുക്കുന്ന ശൈലിയാണ് മാധ്യമങ്ങളുടേത്. കേരളത്തിലെ മാധ്യമപ്രവർത്തകരുടെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലേ എന്ന് സംശയമാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ തന്നെ വേട്ടയാടാൻ സിൻഡിക്കേറ്റ് രൂപീകരിച്ചിരിക്കുകയാണ്.' മീഡിയ വണ്‍ ചാനലിലെ റിപ്പോർട്ടറെ കോടതിയില്‍ മുട്ടുകുത്തിക്കുമെന്നും അവർ വെല്ലുവിളിച്ചു.

