കൊച്ചി ∙ കേരളത്തിലെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻസിപി) പിളർന്നു. പുതിയ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശങ്ങള്‍ തള്ളിക്കൊണ്ട് മുൻ മന്ത്രി എ.കെ.
ശശീന്ദ്രൻ, മുൻ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം കൊച്ചിയില്‍ സമാന്തര സംസ്ഥാനതല യോഗം ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ജൂണ്‍ 20ന് പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ദേശീയ നേതൃത്വവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച വിമത വിഭാഗം, താല്‍ക്കാലികമായി 'എൻസിപി (സെക്കുലർ)' അല്ലെങ്കില്‍ 'എൻസിപി-എസ്' എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങള്‍ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും ഇവർ വ്യക്തമാക്കി. സംസ്ഥാന ഘടകവുമായി ആലോചിക്കാതെ പി.എം.സുരേഷ് ബാബുവിനെ പുതിയ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതും കേരള ഘടകത്തെ ചൊടിപ്പിച്ചു. ഇതിന് പിന്നില്‍ പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.സി.ചാക്കോ ആണെന്നാണ് വിമതർ ആരോപിക്കുന്നത്.

