പാറ്റ്‌ന: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി അപകടം. പാറ്റ്‌ന ജില്ലയിലെ ഉമാനാഥ് ഗംഗാ ഘട്ടില്‍ വ്യാഴാഴ്ച ഉണ്ടായ അപകടത്തില്‍ 2 പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാകുകയും ചെയ്തു.
ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ട് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
ഏകദേശം 15 പേർ ബോട്ടിലുണ്ടായിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സമീപവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍പ്പെട്ടവരില്‍ ചിലരെ ഇവർ ബോട്ടില്‍ രക്ഷപ്പെടുത്തിയിരുന്നു. 'ബോട്ടില്‍ ഏകദേശം 14 മുതല്‍ 15 പേരുണ്ടായിരുന്നു. ഏഴ് പേരെ കാണാതായതായി സംശയിക്കുന്നു. മറ്റുള്ളവരെ മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുത്തി. ഇതുവരെ എത്ര പേർ മുങ്ങിമരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.'- ദൃക്സാക്ഷിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ശക്തമായ കാറ്റില്‍ ബോട്ട് മറിഞ്ഞുവെന്ന വിവരമാണ് ലഭിച്ചതെന്ന് ബാർഹ് എസ്ഡിപിഒ രാമകൃഷ്ണ പറഞ്ഞു. ബോട്ടില്‍ 14 പേരുണ്ടായിരുന്നു. ഏഴ് പേർ സുരക്ഷിതരാണ്. രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. അഞ്ച് പേരെ കാണാതായിട്ടുണ്ട്. എസ്ഡിആർഎഫ് ടീമുകള്‍ എത്തി തിരച്ചില്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

