ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ആരും പ്രതീക്ഷിക്കാത്ത വിജയമാണ് ടിവികെ കൈവരിച്ചത്. വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങളുമായി ടിവികെ അധ്യക്ഷൻ വിജയ്.
എംഎല്‍എമാർക്കൊപ്പം ഗവർണർ രാജേന്ദ്ര ആർലേക്കറുമായി വിജയ് കൂടിക്കാഴ്ച നടത്തി. അരുണ്‍രാജ്, എൻ ആനന്ദ്, സെങ്കോട്ടയ്യൻ, അധവ് അർജുനൻ, വെങ്കിട്ടരാമൻ എന്നീ എംഎല്‍എമാരാണ് വിജയ്ക്കൊപ്പം ഉണ്ടായിരുന്നത്.
നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ വിജയ് സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത. 234 അംഗ നിയമസഭയില്‍ 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാൻ ഇനിയും സീറ്റ് വേണം. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് വിജയ്‍യെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 113 ആയി. ഡിഎംകെ സഖ്യകക്ഷികളായ സിപിഐ (രണ്ട് സീറ്റുകള്‍), സിപിഎം (രണ്ട് സീറ്റുകള്‍), വിസികെ (രണ്ട് സീറ്റുകള്‍) എന്നിവരുടെ പിന്തുണയും ടിവികെ പ്രതീക്ഷിക്കുന്നുണ്ട്.

