കസോള്‍: വിനോദസഞ്ചാര കേന്ദ്രമായ കസോളില്‍ പാർക്കിംഗിനെച്ചൊല്ലി പ്രദേശവാസികളും വിനോദസഞ്ചാരികളും തമ്മിലുള്ള വാക്കേറ്റത്തില്‍ വെടിവയ്പ്പ്.
ഒരാള്‍ക്ക് പരിക്ക്. കസോളിലെ 'ഗ്രീൻ വാലി' ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിന് നിമിഷങ്ങള്‍ക്ക് ശേഷം ആയുധധാരിയായ ഒരു വിനോദസഞ്ചാരി തെരുവില്‍ തോക്ക് ചൂണ്ടി കാണിക്കുന്നതായി ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകള്‍ കാണിക്കുന്നു. ഹോട്ടലില്‍ വച്ച് ഇരുസംഘങ്ങളും തമ്മില്‍ തർക്കം ഉടലെടുക്കുകയായിരുന്നു. വാക്കുതർക്കം പെട്ടെന്ന് കൈയാങ്കളിയിലേക്ക് വഴിമാറി. ഇതിനിടയിലാണ് പഞ്ചാബ് സ്വദേശിയായ വിനോദസഞ്ചാരി കൈയില്‍ കരുതിയ തോക്കടുത്ത് പ്രദേശവാസിക്ക് നേരെ വെടിയുതിർത്തത്.
വെടിയുണ്ട നാട്ടുകാരില്‍ ഒരാളുടെ കാലിലാണ് കൊണ്ടത്. പരിക്കേറ്റയാളെ മറ്റൊരു നാട്ടുകാരൻ തോളിലേറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിന്റെയും, അക്രമികളായ വിനോദസഞ്ചാരികള്‍ ഹോട്ടല്‍ പാർക്കിംഗില്‍ നിന്ന് ഇവരെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയും അക്രമി തോക്കില്‍ വീണ്ടും ഉണ്ടകള്‍ നിറച്ച് വെടിവയ്ക്കാൻ പിന്നാലെ പാഞ്ഞെത്തി. എന്നാല്‍ ഒപ്പമുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികള്‍ ഇയാളെ തടഞ്ഞു വച്ചതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ നടത്തുന്ന ഇത്തരം ഗുണ്ടാവിളയാട്ടങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

