കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ റിമാൻഡില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഷഹിൻ, നിതിൻ രാജ് എന്നിവർക്കാണ് കർശന ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്.
സർക്കാരിന്റെയും ഇഡിയുടെയും ശക്തമായ എതിർപ്പ് തള്ളിക്കൊണ്ടാണ് ജസ്റ്റിസിന്റെ ഉത്തരവ്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ച പ്രതികളുടെ എണ്ണം 15 ആയി ഉയർന്നു. ഇതിനുമുമ്പ് 13 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 68 ദിവസത്തിലധികമായി ജയിലില്‍ കഴിയുന്നതും, അന്വേഷണം അന്തിമഘട്ടത്തിലെത്തിയതും പരിഗണിച്ചാണ് കോടതി ഈ നടപടി സ്വീകരിച്ചത്.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നല്‍ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ റെയ്ഡ്. മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങള്‍ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നടപടി.
പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങള്‍ സിപിഎം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകർ ചേർന്ന് വഴിയില്‍ തടയുകയും, കല്ലുകള്‍, ഇഷ്ടികകള്‍, മരക്കഷ്ണങ്ങള്‍ എന്നിവ ഉപയോഗിച്ച് കാറുകള്‍ അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നു. കേസില്‍ പ്രതികളായവരുടെ ജാമ്യാപേക്ഷകളിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവുകള്‍ ഉണ്ടായിരിക്കുന്നത്.

