തിരുവനന്തപുരം: ഐഡിഎസ്‌എഫ്‌എഫ്‍കെ ചിത്രങ്ങള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ചത് പുനഃപരിശോധിക്കണമെന്ന് വ്യക്തമാക്കി പി സി വിഷ്ണുനാഥ് രംഗത്ത്.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ ചിലതിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് രംഗത്തെത്തിയത്.
ഒരു രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്. അത്തരത്തില്‍ സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് മേളയുടെ വേദിയില്‍ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ചലച്ചിത്ര മേളകളുടെ ക്യൂറേറ്റോറിയല്‍ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണ്.
ഡോക്യുമെന്‍ററി സിനിമയും ഹ്രസ്വചിത്രങ്ങളും സമൂഹത്തിലെ വിവിധ യാഥാർഥ്യങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പ്രധാന കലാരൂപങ്ങളാണ്. വ്യത്യസ്ത ആശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം നല്‍കുക എന്നതാണ് ഒരു രാജ്യാന്തര ചലച്ചിത്രമേളയുടെ അടിസ്ഥാന സ്വഭാവം. പ്രേക്ഷകർക്ക് സിനിമ കാണാനും അതിനെ സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനുമുള്ള അവസരം ഉണ്ടാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

