ഇടുക്കി: വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ കാല്‍വഴുതി അഗാധമായ കൊക്കയിലേക്ക് വീണ് യുവാവ് ദാരുണമായി മരിച്ചു.
ബന്ധുക്കള്‍ക്കൊപ്പം പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ ആല്‍ബിൻ എന്ന യുവാവാണ് അപകടത്തില്‍ ജീവൻ വെടിഞ്ഞത്.
ഞായറാഴ്ച പുലർച്ചെയാണ് ആല്‍ബിനും മറ്റ് രണ്ട് ബന്ധുക്കളും ചേർന്ന് പ്രദേശത്തെ ആല്‍പ്പാറ വ്യൂ പോയിന്റിലേക്ക് എത്തിയത്. ഇവിടെയെത്തി കാഴ്ചകള്‍ കണ്ട് ചിത്രങ്ങളെടുത്ത ശേഷം തിരികെ താഴേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും സാധാരണ നടപ്പാതയിലൂടെ നടന്നപ്പോള്‍, ആല്‍ബിൻ കുത്തനെയുള്ള പാറയിടുക്കിലൂടെ താഴേക്ക് ഇറങ്ങാനാണ് ശ്രമിച്ചത്. ഇതിനിടെ ചുവടുതെറ്റി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ നല്‍കുന്ന മൊഴി.
ചെങ്കുത്തായ പാറയിടുക്കില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ആല്‍ബിനെ ഉടൻതന്നെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കഞ്ഞിക്കുഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

