Dailyhunt
ഇറാന്‍റെ സമാധാന വ്യവസ്ഥകള്‍ തള്ളി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

ഇറാന്‍റെ സമാധാന വ്യവസ്ഥകള്‍ തള്ളി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

Karma News 1 week ago

വാഷിംഗ്ടണ്‍: പശ്ചിമേഷ്യൻ മേഖലയെ മുള്‍മുനയിലാക്കി ഇറാനുമായുള്ള സമാധാന ചർച്ചകളില്‍ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറി.

സംഘർഷം ലഘൂകരിക്കുന്നതിനായി ടെഹ്‌റാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങള്‍ തള്ളിയ ട്രംപ്, ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കി. ഇറാൻ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് സമാധാന ശ്രമങ്ങള്‍ക്ക് തടസമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാൻ ഭരണനേതൃത്വം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കലഹിക്കുകയാണെന്നും അവർക്ക് കൃത്യമായ ഒരു തീരുമാനമെടുക്കാൻ കഴിയില്ലെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പരിഹസിച്ചു. 'മൂന്നോ നാലോ വിഭാഗങ്ങളായി തിരിഞ്ഞാണ് ഇറാൻ ഭരണം മുന്നോട്ടുപോകുന്നത്. ഇത്തരമൊരു ചിതറിക്കിടക്കുന്ന നേതൃത്വവുമായി ഗൗരവകരമായ കരാറിലെത്തുക അസാധ്യമാണ്,' ട്രംപ് പറഞ്ഞു.

യുദ്ധം തനിക്ക് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് ആവർത്തിക്കുമ്പോഴും, ഇറാനെ സൈനികമായി നേരിടാനുള്ള പ്ലാനുകള്‍ യുഎസ് സെൻട്രല്‍ കമാൻഡ് തനിക്ക് മുന്നില്‍ സമർപ്പിച്ചതായി ട്രംപ് വെളിപ്പെടുത്തി.

ഇറാൻ അവരുടെ നിലപാടുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ബോംബാക്രമണം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന സൂചനയാണ് വൈറ്റ് ഹൗസ് നല്‍കുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയില്‍ വീണ്ടും അനിശ്ചിതത്വം പടരുകയാണ്. സമാധാന ചർച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News