പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച സംഭവത്തില്‍ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ജാൻമണി ദാസിനെതിരെ കടുത്ത വിമർശനവുമായി സുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്.
ജാൻമണി ചെയ്തത് തെറ്റാണെന്ന് തുറന്നുകാട്ടിയ രഞ്ജിനി, താൻ അവരെ ഒരുപാട് ശകാരിച്ചുവെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കിട്ട വീഡിയോയിലൂടെ വ്യക്തമാക്കി. ആർക്കും മറ്റൊരാളെ വ്യക്തിപരമായി അധിക്ഷേപിക്കാൻ അവകാശമില്ലെന്നും അവർ ഓർമ്മിപ്പിച്ചു.
രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ:
'ഇത് ചെയ്യണോ വേണ്ടയോയെന്ന് കുറേ ആലോചിച്ചു. പക്ഷെ ചെയ്തില്ലെങ്കില്‍ ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റാകും. നമുക്ക് ദൈവം തന്ന ശബ്ദം എന്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജാൻമണി വലിയൊരു മണ്ടത്തരം ചെയ്തു. എനിക്ക് നല്ല ദേഷ്യം വന്നു, പറയാനുള്ളത് ജാൻമണിയോട് പറയുകയും ചെയ്തു. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവർ ആലോചിച്ചും കണ്ടും അഭിപ്രായം പറയണം. അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളെ താഴ്ത്തിക്കെട്ടാനുള്ള അവസരമായി എടുക്കരുത്. ജാൻമണി എന്റെ സുഹൃത്താണ്, സ്നേഹവുമുണ്ട്. പക്ഷെ ഇതുപോലുള്ള പൊട്ടത്തരം ചെയ്യുമ്പോള്‍ പ്രതികരിക്കാതെ ഇരിക്കാനാവില്ല.
ഒരു റീല്‍ കണ്ടിട്ടാണ് അറിവില്ലായ്മ വെച്ച് ജാൻ സംസാരിച്ചത്. രാജ്യത്തെ പ്രധാനമന്ത്രിയെ കുറിച്ചാണ്, അതും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് സത്യം എന്താണെന്ന് പോലും അറിയാതെയാണ് സംസാരിച്ചത്. വിടുവായിത്തരം പറഞ്ഞ് തെറിയും വാങ്ങി ബഹിരാകാശത്ത് പോയി! അവളുടെ ചുറ്റം നില്‍ക്കുന്ന ഞങ്ങളേയും ഇതെല്ലാം ബാധിക്കുന്നുണ്ട്. കുട്ടികളല്ലല്ലോ, സംസാരിക്കും മുമ്പ് ചിന്തിക്കണ്ടേ? സത്യം എന്താണെന്ന് അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കരുത്.' - രഞ്ജിനി പറഞ്ഞു.
മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയില്‍ ജാൻമണിക്കെതിരെ ഇതിനോടകം പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, താൻ നടത്തിയ പ്രസ്താവനയില്‍ പിന്നീട് ജാൻമണി ദാസ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

