തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കലി ഒഴിയുന്നില്ല. കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴയും കാറ്റും അതിശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അടിയന്തര ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മലയോര മേഖലകളിലും തീരദേശങ്ങളിലും മഴയുടെ ശക്തി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീലിറ്റര്‍ മുതല്‍ 204.4 മില്ലീലിറ്റര്‍ വരെ ലഭിക്കാവുന്ന അതിശക്തമായ മഴയ്‌ക്കാണ് സാധ്യത. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യുന്ന രീതിയില്‍ തീവ്ര മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും മലയോരങ്ങളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയേറെയാണ്.

