ടൊറന്റോയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ക്രൊയേഷ്യയെ 2-1 എന്ന സ്കോറിന് തോല്‍പിച്ച് പോർച്ചുഗല്‍ ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി.
ഇതോടെ ജൂലൈ ഏഴിന് നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തില്‍ സ്പെയിനാണ് പോർച്ചുഗലിന്റെ എതിരാളികള്‍.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. പന്തിന്റെ നിയന്ത്രണം പോർച്ചുഗലിന്റെ കൈവശമായിരുന്നുവെങ്കിലും ഗോളെന്നുറപ്പിച്ച അവസരങ്ങള്‍ മുതലാക്കാൻ അവർക്ക് സാധിച്ചില്ല. എന്നാല്‍, രണ്ടാം പകുതിയില്‍ കളി മാറിമറിഞ്ഞു. 53-ാം മിനിറ്റില്‍ ജോസിപ് സ്റ്റാനിസിചിന്റെ ക്രോസില്‍ നിന്ന് ഇവാൻ പെരിസിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. പിന്നീട് ഓഫ്സൈഡ് കെണിയില്‍ പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നിക്കോള വ്ലാസിച്ചിന്റെയും ഗോള്‍ ശ്രമങ്ങള്‍ നിരാകരിക്കപ്പെട്ടു.
62-ാം മിനിറ്റില്‍ ടീമില്‍ നിർണായക മാറ്റങ്ങള്‍ വരുത്തിയ പോർച്ചുഗല്‍ ആക്രമണം ശക്തമാക്കി. തുടർന്ന് ബോക്സിനുള്ളില്‍ ക്രൊയേഷ്യൻ താരം വ്ലാസിച്ച് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളാക്കി മാറ്റി സമനില പിടിച്ചു. മത്സരം അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, 90+4-ാം മിനിറ്റില്‍ റാഫേല്‍ ലിയാവോ നല്‍കിയ പന്ത് ഹെഡറിലൂടെ ഗോള്‍ാക്കി മാറ്റി ഗോണ്‍സാലോ റാമോസ് പോർച്ചുഗലിന് വിജയം സമ്മാനിച്ചു. അധികസമയത്ത് ക്രൊയേഷ്യ വീണ്ടും ഗോള്‍ നേടിയെങ്കിലും വാർ പരിശോധനയില്‍ ഓഫ്സൈഡ് വിധിക്കുകയായിരുന്നു. ഇതോടെ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യ ടൂർണമെന്റില്‍ നിന്ന് പുറത്തായി.

