കൊല്ലം: കുണ്ടറയിലെ സിയാദിന്റെ മരണത്തില്‍ വാരിയെല്ലിന് പൊട്ടല്‍ ഉള്ളതായി ഡോക്ടറുടെ സംശയം. സിയാദിന്റെ വൂണ്ട് സർട്ടിഫിക്കറ്റിലാണ് ഡോക്ടറുടെ പരാമർശം.
പൊലീസുകാരൻ മർദിച്ചുവെന്ന് സിയാദ് പറഞ്ഞതായി ചികിത്സിച്ച ഡോക്ടർ ശരത് രാജൻ മൊഴി നല്‍കിയിരുന്നു. ജൂണ്‍ 16ന് പുലർച്ചെ ഒന്നരയോടെ ശ്രീജിത്ത് എന്ന പൊലീസുകാരൻ ജീപ്പില്‍ കയറ്റി മർദിച്ചുവെന്നാണ് സിയാദ് ഡോക്ടറോട് പറഞ്ഞത്. ആശുപത്രി രേഖയിലും ഡോക്ടർ സിയാദിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സർട്ടിഫിക്കറ്റില്‍ 'Suspect Rib fracture' എന്നാണ് ഡോ. ശരത് രാജൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സർട്ടിഫിക്കറ്റ്, കേസില്‍ നിർണായക തെളിവാകും. കസ്റ്റഡി മർദന ആരോപണവുമായി ബന്ധപ്പെട്ട് പൊലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് ഈ റിപ്പോർട്ട്.
സിയാദിനെ മർദിച്ചിട്ടില്ലെന്നാണ് കേസിന്‍റെ പ്രാഥമികഘട്ടത്തില്‍ പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, സിയാദിനെ മർദിക്കുമ്പോള്‍ താനും ജീപ്പിലുണ്ടായിരുന്നെന്നും തല്ലിച്ചതക്കുന്നത് കണ്ടിരുന്നെന്നും പരാതിക്കാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ പൊലീസിന്‍റെ നില പരുങ്ങലിലാവുകയായിരുന്നു.

