തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ ടി. വീണയും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും യാതൊരുവിധ സേവനങ്ങളും നല്‍കാതെ കരിമണല്‍ കമ്പനിയായ സിഎംആർഎല്ലില്‍ (CMRL) നിന്ന് 2 കോടി 78 ലക്ഷം രൂപ കൈപ്പറ്റിയതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (SFIO) അന്തിമ അന്വേഷണ റിപ്പോർട്ട്.
വൻ നഷ്ടത്തില്‍ പ്രവർത്തിച്ചിരുന്ന എക്സാലോജിക് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സ് സിഎംആർഎല്‍ മാത്രമായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കമ്പനി നിയമത്തിലെ ഏറ്റവും കടുത്ത ക്രിമിനല്‍ വകുപ്പായ 447-ാം വകുപ്പ് (വ്യാജരേഖ ചമയ്ക്കലും സാമ്പത്തിക തട്ടിപ്പും) പ്രകാരമാണ് എസ്‌എഫ്‌ഐഒ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതാണ് നിലവില്‍ ഇഡി (ED) അന്വേഷണത്തിലേക്കും റെയ്ഡുകളിലേക്കും വഴിതുറന്നത്.
വീണ വിജയന് വ്യക്തിപരമായി പ്രതിമാസം 5 ലക്ഷം രൂപയും, എക്സാലോജിക് കമ്പനിക്ക് പ്രതിമാസം 3 ലക്ഷം രൂപയും വീതമാണ് സിഎംആർഎല്‍ നല്‍കിയിരുന്നത്. മാസം 8 ലക്ഷം രൂപ വെച്ച് പ്രതിവർഷം 96 ലക്ഷം രൂപയാണ് ഇത്തരത്തില്‍ കൈമാറിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ 2017 ജനുവരി മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലയളവിലാണ് ഈ പണമിടപാടുകളെല്ലാം നടന്നത്.
2019 ജനുവരിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 1.62 കോടി രൂപയുടെ ഇടപാടാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈ റെയ്ഡിന് ശേഷവും വീണയുടെ അക്കൗണ്ടുകളിലേക്ക് കരിമണല്‍ കമ്പനിയില്‍ നിന്ന് പണം ഒഴുകിയതായി എസ്‌എഫ്‌ഐഒ കണ്ടെത്തി. എക്സാലോജിക്കുമായുള്ള കരാർ അവസാനിച്ച ശേഷം സിഎംആർഎല്‍ തങ്ങളുടെ ഐടി സേവനങ്ങള്‍ക്കായി 'എറ്റിഎൻഎ ടെക്നോളജീസ്' എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു.
യഥാർത്ഥത്തില്‍ സിഎംആർഎല്ലിന് ഐടി സേവനങ്ങള്‍ നല്‍കിയ ഈ കമ്പനിക്ക് ലഭിച്ച തുകയേക്കാള്‍ 75 മടങ്ങ് അധികം തുകയാണ് ഒരു സേവനവും നല്‍കാതെ വീണ വിജയൻ കൈപ്പറ്റിയത്. കരിമണല്‍ കമ്പനിക്ക് എന്തെങ്കിലും തരത്തിലുള്ള ഐടി സേവനം നല്‍കിയതായി എക്സാലോജിക്കിലെ ഐടി ഡെവലപ്പർമാർക്ക് പോലും അറിവില്ലായിരുന്നു.
എസ്‌എഫ്‌ഐഒക്ക് മുമ്പാകെ ഹാജരായ വീണ വിജയന് സിഎംആർഎല്ലിന് എന്തെങ്കിലും സേവനം നല്‍കിയതിന്റെ ഒരു രേഖ പോലും ഹാജരാക്കാൻ കഴിഞ്ഞില്ല. സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് ധാരണയിലെത്തിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനും തെളിവുകളില്ല. പണമിടപാടുകളെക്കുറിച്ച് സംസാരിക്കാനല്ലാതെ ഇരു കമ്പനികള്‍ക്കുമിടയില്‍ ഒരൊറ്റ ഔദ്യോഗിക ഇമെയില്‍ സന്ദേശം പോലും കൈമാറിയിട്ടില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ഇതിനുപുറമേ, 2015-ലും 2016-ലുമായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള 'എംപവർ ഇന്ത്യ ക്യാപിറ്റല്‍ ഇൻവെസ്റ്റ്മെന്റ്' എന്ന കമ്പനി എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നല്‍കിയിരുന്നു. ഇതില്‍ കേവലം 4 ലക്ഷം രൂപ മാത്രമാണ് വീണ തിരിച്ചടച്ചിട്ടുള്ളത്. ബാക്കി തുകയില്‍ ദുരൂഹത തുടരുകയാണ്.
രാഷ്ട്രീയ വിവാദം മുറുകുന്നു: സാമ്പത്തിക ഇടപാടുകള്‍ക്ക് വ്യക്തമായ ഒരു തെളിവും ഹാജരാക്കാൻ സാധിക്കാതിരുന്നിട്ടും, നിയമപരമായ സേവനത്തിനാണ് വീണ പണം കൈപ്പറ്റിയതെന്ന മുൻ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഎം നേതൃത്വം. എന്നാല്‍ എസ്‌എഫ്‌ഐഒ റിപ്പോർട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയും പാർട്ടിയും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.

