Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെൻസ്ട്രല്‍ കപ്പിനുള്ളില്‍ വിദഗ്ധമായി രാസലഹരി ഒളിപ്പിച്ചു കടത്ത്, യുവതിയും യുവാവും എക്സൈസ് പിടിയില്‍

മെൻസ്ട്രല്‍ കപ്പിനുള്ളില്‍ വിദഗ്ധമായി രാസലഹരി ഒളിപ്പിച്ചു കടത്ത്, യുവതിയും യുവാവും എക്സൈസ് പിടിയില്‍

Karma News 1 week ago

കൊച്ചി: മെൻസ്ട്രല്‍ കപ്പിനുള്ളില്‍ വിദഗ്ധമായി രാസലഹരി ഒളിപ്പിച്ചു കടത്തിയ സംഘം എക്സൈസ് പിടിയില്‍. ആലപ്പുഴ തൃക്കുന്നപ്പുഴ കൊട്ടേമുറി പാണ്ടികശാലയില്‍ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് അറസ്റ്റിലായത്.

വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

ബെംഗളൂരുവില്‍ നിന്ന് വൻതോതില്‍ ലഹരിവസ്തുക്കള്‍ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ കുറച്ചാഴ്ചകളായി ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മുൻപ് ഹോംനഴ്സായി ജോലി ചെയ്തിരുന്ന ആളാണ് പിടിയിലായ സരിത. മുഹമ്മദ് ഷാഫി ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു.

മെൻസ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച്‌ ഒരു ഭാഗം പശവച്ച്‌ അടച്ച ശേഷം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചാണ് സരിത ഇത് കടത്തിയിരുന്നത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസില്‍ വരുന്ന വഴി കണ്ണൂർ ഇരിട്ടിയില്‍ വച്ച്‌ എക്സൈസ് പരിശോധന നടന്നിരുന്നു. ആ സമയത്ത് ഷാഫി തന്റെ കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും, സരിത മെൻസ്ട്രല്‍ കപ്പിനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്നതിനാല്‍ എക്സൈസ് പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. തുടർന്ന് ഈ രാസലഹരിയുമായാണ് ഇരുവരും വില്‍പനയ്ക്കായി എറണാകുളത്ത് എത്തിയത്.

എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജില്‍ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെയാണ് എക്സൈസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ മുറിയില്‍ എക്സൈസ് പരിശോധന നടക്കുമ്പോള്‍ സരിത ആലപ്പുഴയില്‍ എംഡിഎംഎ വില്‍ക്കാൻ പോയിരിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം സരിത തിരിച്ചെത്താൻ കാത്തിരുന്നു. രാത്രി 10:30-യോടെ എറണാകുളത്ത് എത്തിയ സരിതയെ സംഘം വളഞ്ഞുപിടിക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ വില്‍പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടർന്ന് എക്സൈസ് സംഘം പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയില്‍ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വില്‍പന നടത്തിയിരുന്നത്.

ഇവരില്‍ നിന്നും മൊത്തം 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈല്‍ ഫോണും ലഹരി വില്‍പനയിലൂടെ ലഭിച്ച 17,770 രൂപയും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് ലഹരി വാങ്ങിയ ആളുകളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി നടന്ന ഈ മിന്നല്‍ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ജി. അനൂപ്, സിവില്‍ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ് എസ്, അമല്‍, അർജുൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ പ്രിൻസി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണു എന്നിവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News