തൃശ്ശൂർ: മുഖ്യമന്ത്രി വി. ഡി. സതീശന്റെ ഗുരുവായൂർ, തൃപ്രയാർ ക്ഷേത്ര ദർശനങ്ങള്‍ക്കിടെ ഗുരുതരമായ ആചാരലംഘനവും നിയമലംഘനവും ഉണ്ടായെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ബി.ജെ.പി.
ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനാണ് നിയമനടപടികളിലേക്ക് നീങ്ങുന്നത്. ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര അഡ്മിനിസ്ട്രേറ്റീവ് നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഹർജി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ കോണ്‍ഗ്രസ് കൊടികളുമായി ക്ഷേത്രത്തിനകത്ത് മുദ്രാവാക്യം വിളിച്ചെന്നാണ് പ്രധാന ആരോപണം. ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്ന പ്രാഥമിക നിയമം കോണ്‍ഗ്രസ് ലംഘിച്ചു. കൂടാതെ തൃപ്രയാർ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്ത് പ്രവർത്തകർ ഷർട്ട് ധരിച്ചാണ് പ്രവേശിച്ചതെന്നും ഇത് ഗുരുതരമായ ആചാരലംഘനമാണെന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വി.ഐ.പി ദർശനമാണ് മുഖ്യമന്ത്രിയും അനുയായികളും നടത്തിയത്. എ. പി. അനില്‍കുമാറിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി വി. ഡി. സതീശൻ ഗുരുവായൂരില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നത്.
മന്ത്രിമാരും എം.പിമാരും അടക്കം നിരവധി പ്രമുഖർ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാല്‍ വി.ഐ.പി ദർശനം നീണ്ടുപോയത് കാരണം രാത്രി 11 മണി മുതല്‍ വരിയില്‍ കാത്തുനിന്ന സാധാരണക്കാരായ നിരവധി ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങേണ്ടി വന്നതായും ബി.ജെ.പി നേതാവ് ആരോപിച്ചു.

