തൃശൂർ: ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഭക്തർക്കുണ്ടായ ബുദ്ധിമുട്ടുകളിലും സുരക്ഷാ വീഴ്ചകളിലും അന്വേഷണം നടത്തുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.
വി. ഗോപിനാഥ്. അവധി ദിവസങ്ങളില്‍ വി.ഐ.പി ദർശനം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ, മുഖ്യമന്ത്രിയുടെ സന്ദർശനം കാരണം ഒട്ടേറെ സാധാരണ ഭക്തർക്ക് ദർശനം നടത്താനാകാതെ മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ ഇടപെടല്‍.
അവധി ദിവസങ്ങളില്‍ വി.ഐ.പി ദർശനം അനുവദനീയമല്ലെങ്കിലും മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്ന് ചെയർമാൻ പറഞ്ഞു. രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നില്ല. ഒട്ടേറെ പേർക്ക് തൊഴാൻ സാധിച്ചില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കും. മുഖ്യമന്ത്രി നെയ്‌വിളക്കുമായി എത്തിയാല്‍ ആചാരപരമായി ദർശനം നടത്താൻ അനുവാദമുണ്ട്; അങ്ങനെയാണോ ദർശനം നടത്തിയത് എന്നും ഉദ്യോഗസ്ഥ തലത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രവളപ്പില്‍ നിരോധനം ലംഘിച്ച് റീല്‍സ് ചിത്രീകരണം നടന്നതായും ദേവസ്വം ചെയർമാൻ സ്ഥിരീകരിച്ചു. ഒട്ടേറെ ഓണ്‍ലൈൻ ചാനലുകള്‍ മുഖ്യമന്ത്രിയുടെ റീല്‍സ് ക്ഷേത്രത്തിനകത്ത് ചിത്രീകരിച്ചതായി വിവരമുണ്ട്. ഇതേക്കുറിച്ചും ദേവസ്വം ബോർഡ് അന്വേഷണം നടത്തും.
മന്ത്രി അനില്‍ കുമാറിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂരിലെത്തിയത്. വി.ഐ.പി സന്ദർശനം കാരണം മണിക്കൂറുകളോളം വരി നിന്ന ഭക്തർക്ക് ദർശനം നിഷേധിക്കപ്പെട്ടതിനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ ഉള്‍പ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ഗുരുവായൂരില്‍ വി.ഐ.പി ദർശനം അനുവദനീയമല്ല. കൂടാതെ, ക്ഷേത്രത്തിന് ചുറ്റും മേല്‍പത്തൂർ ഓഡിറ്റോറിയത്തിന് സമീപവും വീഡിയോ, ഫോട്ടോഗ്രാഫി ചിത്രീകരണങ്ങള്‍ക്കും കർശന നിരോധനമുണ്ട്.
എന്നാല്‍ ഹൈബി ഈഡൻ എം.പി അടക്കമുള്ള പ്രമുഖ വി.ഐ.പികള്‍ ക്ഷേത്രനടയില്‍ വെച്ച് വീഡിയോ എടുത്തതായി ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥരായ ജനപ്രതിനിധികള്‍ തന്നെ പരസ്യമായി നിയമം ലംഘിച്ചെന്നും ഇതിനെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.

