തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് കുടുങ്ങിക്കിടന്ന മലയാളി സംഘം നാട്ടിലെത്തി. എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉള്‍പ്പെടെ 16 പേരാണ് നാട്ടില്‍ എത്തിയത്.
ഇതുവരെ സഹായം അഭ്യർത്ഥിച്ചു ഹെല്‍പ്പ് ഡെസ്കുകളില്‍ ബന്ധപ്പെട്ടവരില്‍ 45 പേര്‍ സുരക്ഷിതരാണെന്ന് നോർക്ക അറിയിച്ചു.
എറണാകുളം പിറവം സ്വദേശിയായ റിനീത് മോഹൻ ഈ മാസം 23-നാണ് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പോയത്. പ്രളയസമയത്ത് പൊഖാറയ്ക്കടുത്തായിരുന്നു ഇദ്ദേഹം. പ്രളയവിവരം വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.27-ന് ഡല്‍ഹിയില്‍നിന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയ റിനീത് മോഹൻ ഇന്ന് ഉച്ചയോടെ നാട്ടിലെത്തി.
കൊച്ചിയില്‍ നിന്നുളള 14 പേരടങ്ങുന്ന സംഘവും ഇന്ന് തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടുത്തു. കൊച്ചി കാക്കനാട് നിന്നും കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ ശ്രുതി ശിഖാമണിയും തിരിച്ചെത്തി. പ്രളയ സമയത്ത് കഠ്മണ്ഡുവിലായിരുന്നു ശ്രുതി. ഓസ്ട്രേലിയൻ പൗരത്വമുള്ള കേരളത്തില്‍നിന്നുള്ള നാലുപേർ ഉള്‍പ്പെടെ ഏഴു പേരെ സംബന്ധിച്ചാണ് ഇനി വിവരം ലഭിക്കാനുള്ളത്.

