മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനായിരുന്നു ശ്രീനിവാസൻ. സിനിമ മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടം സമ്മാനിച്ചായിരുന്നു അദ്ദേഹം ലോകത്തോട് വിടവാങ്ങിയത്.
ഇത്തവണ ഓണമില്ല. അച്ഛൻ മരിച്ചിട്ട് ആറേഴ് മാസം ആകുന്നതല്ലേയുള്ളു എന്ന് ധ്യാൻ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തന്റെ മകള്‍ക്ക് അച്ഛാച്ചനെ കുറിച്ചുള്ള കാര്യങ്ങള്‍ ഇടയ്ക്കിടെ പറഞ്ഞ് കൊടുക്കാറുണ്ടെന്നും ധ്യാൻ പറഞ്ഞു.
കുറച്ച് വർഷങ്ങള്‍ കൂടി അച്ഛൻ തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും താരം പറഞ്ഞു. ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന ഒരാളെ പെട്ടന്ന് നഷ്ടപ്പെടുക എന്നത് ഒരിക്കലും ഉള്‍ക്കൊള്ളാൻ പറ്റാത്ത ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ഉള്‍ക്കൊണ്ട് പോവുക എന്നൊന്നില്ല. ഒരു കാര്യമുള്ളത് അദ്ദേഹം മരിക്കുവോളം രാജാവിനെ പോലെ ജീവിച്ചു. അസുഖം വന്നുവെന്നത് ഒഴിച്ചാല്‍ നാട്ടിലും മലയാളികളുടെ മനസിലും ജീവിച്ചിരുന്നപ്പോഴും മരണത്തിന് ശേഷവും നല്ലൊരു സ്ഥാനമുള്ളയാളാണ്. മലയാള സിനിമയ്ക്ക് അദ്ദേഹം ഇനിയൊന്നും സംഭാവന ചെയ്യാനും ബാക്കിയില്ല. ഒരു ആയുസില്‍ ചെയ്യേണ്ടതൊക്കെ ചെയ്ത് വെച്ചിട്ട് പോയ ആളാണ്. വ്യക്തിപരമായി നമുക്കാണ് നഷ്ടം.
ബൈപ്പാസ് കഴിഞ്ഞശേഷം ഞങ്ങള്‍ കരുതിയത് കുറച്ച് വർഷം കൂടി അച്ഛൻ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നാണ്. അസുഖം വന്നശേഷം അച്ഛൻ പഴയ ആളല്ലാതെയായി.കല്ലുപോലെ നിന്നിരുന്നൊരാള്‍ വീക്കായി പോകുന്നതും അത് നമ്മള്‍ കാണേണ്ടി വരുന്നത് അദ്ദേഹത്തിനും വിഷമമായിരുന്നു. അതുകൊണ്ട് തന്നെ അച്ഛനെ ഞാൻ ആശുപത്രിയില്‍ പോയി കാണാറില്ലായിരുന്നു. ആ ഒരു അവസ്ഥയില്‍ കാണാതിരിക്കാൻ ശ്രമിക്കുമായിരുന്നു. ലൈഫ് ഒന്ന് സെറ്റിലായി. ഇനി അച്ഛനും അമ്മയ്ക്കും ഒപ്പം അല്‍പ്പം സമയം ചിലവഴിക്കാമെന്ന് കരുതിയിരുന്നപ്പോഴാണ് പുള്ളി ഞങ്ങളെ വിട്ട് പോയത്. അദ്ദേഹത്തോടൊപ്പം അവസാന കാലത്ത് കുറച്ച് സമയം എനിക്ക് കിട്ടിയില്ല. അച്ഛൻ മരിക്കുന്നതിന് മൂന്നാഴ്ച മുമ്പാണ് ഞാൻ അവസാനമായി കണ്ടത്.
എന്റെ മകളെ അച്ഛന് ഭയങ്കര ഇഷ്ടമായിരുന്നു. പേരക്കുട്ടികളുടെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാനുള്ള അവസരം അച്ഛന് കിട്ടിയില്ലെന്ന് തോന്നുന്നുണ്ട്. മോള് സ്കൂളിലെ ആവശ്യത്തിനായി കഥ എഴുതി കൊണ്ട് വരുമ്പോഴും അത് എന്നെ വായിച്ച് കേള്‍പ്പിക്കുമ്പോഴും ഞാൻ പറയും. ഇങ്ങനെയുള്ള കൂറ കഥകള്‍ ഒന്നും എഴുതി കൊണ്ട് വരരുത്. നിന്റെ അച്ഛന്റെ അച്ഛൻ ആരാണെന്നുള്ളത് നീ വല്ലപ്പോഴും ഓർക്കണം എന്നൊക്കെ. വലിയ മനുഷ്യനായിരുന്നു അച്ഛാച്ചൻ എന്നൊക്കെ ഞാൻ ഇടയ്ക്ക് മോള്‍ക്ക് പറഞ്ഞ് കൊടുക്കും. നിന്റെ അച്ഛൻ ആരാണ് എന്നുള്ളത് അല്ല നിന്റെ അച്ഛാച്ചൻ ആരാണ് എന്നത് അറിയണം എന്നും മോളോട് ഞാൻ പറയും.
നീ എന്ത് ചെയ്യും മുമ്പ് അച്ഛാച്ചനെ കുറിച്ച് ഓർക്കണമെന്നും ഇടയ്ക്ക് പറഞ്ഞ് കൊടുക്കും. ഞാനോ അച്ഛന്റെ പേര് പലപ്പോഴായി നശിപ്പിച്ചു. ഇനി നീയും കൂടി അച്ഛാച്ചന്റെ പേര് നശിപ്പിക്കരുതെന്ന് മോളോട് പറയും. എല്ലാ തിരക്കും മാറ്റിവെച്ച് മാതാപിതാക്കള്‍ക്കൊപ്പം ചിലവഴിക്കാൻ ഒരു സമയം വരും അപ്പോള്‍ അവർക്കൊപ്പം സമയം ചിലവഴിക്കാമെന്ന് കരുതിയാല്‍ അങ്ങനൊരു സമയം ഇല്ല.അല്ലെങ്കില്‍ അങ്ങനൊരു സമയം വരാൻ പോകുന്നില്ല. അവർക്ക് ആരോഗ്യപ്രശ്നങ്ങള്‍ വരും അവശതകള്‍ ഉണ്ടാകും എന്നുമാണ് ധ്യാൻ പറഞ്ഞത്.

