മൈസൂരു: മൈസൂരുവില്‍ ഉണ്ടായ കാറപകടത്തില്‍ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. തൃശൂർ വരവൂർ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രൻ-സിനി ദമ്പതികളുടെ മകള്‍ ആര്യ (18) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് പിതാവിനൊപ്പം കാറില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആര്യയെ മരണം കവർന്നത്.
മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു ആര്യ. കോളജിലെ ഹോസ്റ്റല്‍ താമസവും ഭക്ഷണസൗകര്യങ്ങളും തൃപ്തികരമല്ലാത്തതിനെത്തുടർന്ന് പഠനം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
നാട്ടിലേക്ക് വരുന്നതിനായി മകളെ കൂട്ടിക്കൊണ്ടുവരാൻ പിതാവ് സുരേന്ദ്രൻ മൈസൂരുവില്‍ എത്തിയിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിരെ വന്ന മറ്റൊരു കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പിതാവ് സുരേന്ദ്രനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭ്യമാകുന്ന വിവരം. നിയമനടപടികള്‍ക്ക് ശേഷം ആര്യയുടെ മൃതദേഹം നാട്ടിലെത്തിക്കും.

