ന്യൂഡല്‍ഹി: പാക് മണ്ണിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ഐതിഹാസിക പ്രത്യാക്രമണമായ 'ഓപ്പറേഷൻ സിന്ദൂറിന്' ഇന്ന് ഒരാണ്ട്.
രാജ്യത്തിൻ്റെ സൈനിക കരുത്ത് ലോകത്തിന് മുന്നില്‍ വിളിച്ചോതിയ ഓപ്പറേഷൻ്റെ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ രാജ്യം ആഘോഷിക്കുമ്പോള്‍, അതിർത്തി പ്രദേശങ്ങളില്‍ പ്രതിരോധ സേന സുരക്ഷാ നിരീക്ഷണം ശക്തമാക്കി.
കഴിഞ്ഞ വർഷം നടന്ന അതിശക്തമായ സൈനിക നീക്കത്തില്‍ 88 മണിക്കൂറുകള്‍ കൊണ്ടാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. പാക് അധീനതയിലുള്ള 9 പ്രധാന ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യൻ സേന പൂർണ്ണമായും തകർത്തു. ഭീകര സംഘടനകളുടെ തലപ്പത്തുള്ള മുതിർന്ന കമാൻഡർമാരെ വധിക്കാനായതാണ് ഓപ്പറേഷൻ സിന്ദൂറിൻ്റെ ഏറ്റവും വലിയ വിജയമായി വിലയിരുത്തപ്പെടുന്നത്.
വാർഷികത്തോടനുബന്ധിച്ച് ഓപ്പറേഷൻ്റെ നിർണ്ണായക ദൃശ്യങ്ങള്‍ പ്രതിരോധ മന്ത്രാലയം ഇന്ന് പുറത്തുവിട്ടു. സൈനിക നീക്കത്തിൻ്റെ തീവ്രത വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാജസ്ഥാനിലെ ജയ്പൂരില്‍ കര-വ്യോമ-നാവിക സേനകളുടെ സംയുക്ത വാർത്താസമ്മേളനം നടക്കും. ഓപ്പറേഷൻ്റെ കൂടുതല്‍ വിശദാംശങ്ങളും നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സേനാ മേധാവികള്‍ വിശദീകരിക്കും.
'രാജ്യത്തിൻ്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഏത് ഭീഷണിയും മുളയിലേ നുള്ളുമെന്ന പ്രഖ്യാപനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. നമ്മുടെ സൈനികരുടെ വീര്യത്തിന് രാജ്യം ഇന്ന് ആദരമർപ്പിക്കുന്നു.' - പ്രതിരോധ വക്താവ്.
വാർഷിക ദിനത്തില്‍ പാക് ഭാഗത്തുനിന്ന് പ്രകോപനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്ന് നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും സൈന്യം അതീവ ജാഗ്രതയിലാണ്. ഡ്രോണ്‍ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

