ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിനായി ഇന്നലെയാണ് മോദി ഇന്ത്യയില്‍ നിന്ന് തിരിച്ചത്.
ഇന്നലെ താഷ്ക്കന്റില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
ഉസ്ബെക്കിസ്ഥാനുമായുള്ള ചർച്ചകള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് ഷാങ്ഹായി സഹകരണ ഉച്ചക്കോടിക്കായി കിർഗിസ്ഥാനിലേക്ക് തിരിക്കും. ഇന്നലെ വെക്കിട്ട് താഷ്കന്റില്‍ എത്തിയ മോദിക്ക് വലിയ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ നല്‍കിയത്. പ്രസിഡന്റ് വിമാനത്താവളത്തില്‍ എത്തി മോദിയെ സ്വീകരിച്ചു. വൈകീട്ട് പ്രസിഡന്റ് മോദിക്ക് അത്താഴവിരുന്ന് നല്‍കി. ഇന്ന് ഉസ്ബെക്ക് യോഗ ഫെഡറേഷൻ സംഘടിപ്പിക്കുന്ന യോഗ പരിപാടിയില്‍ മോദി പങ്കുചേരും. ഇതിന് ശേഷം പ്രസിയുമായി ഉഭയകക്ഷി ചർച്ചകള്‍ നടക്കും. പരസ്പരം സഹകരണത്തിനുള്ള കരാറുകളില്‍ രണ്ടു രാജ്യങ്ങളും ഒപ്പിടും. പിന്നീട് താഷ്കന്റിലെ ലാല്‍ ബഹൂദൂർ ശാസ്ത്രി സ്മാരകത്തിലും താഷ്കനന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി പരിപാടിയിലും മോദി പങ്കെടുക്കും.
ഇന്ന് കിർഗിസ്ഥാനിലെ ബിസ്കേകിലേക്ക് തിരിക്കുന്ന മോദി നാളെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ ഭീകരവാദം ചർച്ച ചെയ്യുമെന്ന് മോദി യാത്രയ്ക്ക് മുൻപേ വ്യക്തമാക്കിയിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചക്കും സാധ്യതയുണ്ട്. ഇന്ത്യ-റഷ്യ തന്ത്രപ്രധാന ബന്ധം, പ്രതിരോധം, ഊർജ്ജ സഹകരണം എന്നിവ ചർച്ചയാകുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. പശ്ചിമേഷ്യൻ സംഘർഷവും ഉച്ചകോടി വിലയിരുത്തും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഉച്ചകോടിക്കെത്തുന്നുണ്ട്. കിർഗിസ്ഥാനില്‍ നടക്കുന്ന 6-ാമത് വേള്‍ഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും മോദി പങ്കെടുക്കും.

