കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി.
തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇതോടെ നാളെ ഇതേ കോടതിയില്‍ വിചാരണ തുടരും. നേരത്തെ വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയെങ്കിലും ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍ സ്റ്റേ വാങ്ങിയിരുന്നു.
കഴിഞ്ഞ 18 നാണ് കേസില്‍ വിചാരണ തുടങ്ങിയത്. അക്രമത്തില്‍ പരുക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ പൂർത്തിയാക്കിയിരുന്നു. എന്നാല്‍ കേസ് നിലവിലെ കോടതിയില്‍ നിന്ന് മാറ്റണമെന്ന ഹർജി നല്‍കിയതിനാല്‍ പ്രതിഭാഗം അഭിഭാഷകർ ക്രോസ് വിസ്താരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കേസ് അനന്തമായി നീട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
ഹർജി സെഷൻസ് കോടതി തള്ളിയതോടെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചേക്കും. കേസില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 സിപിഎം പ്രവർത്തകരാണ് പ്രതികള്‍. 2018 ഫെബ്രുവരി 18നാണ് എടയന്നൂരില്‍ വച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. എട്ട് വർഷത്തിന് ശേഷമാണ് കേസില്‍ വിചാരണ തുടങ്ങിയത്.

