തിരുവനന്തപുരം: 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തും. സെപ്റ്റംബർ മൂന്ന് മുതല്‍ 10 വരെ സ്ഥാനാർഥികള്‍ക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 11ന് നടക്കും. ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉള്‍പ്പെടെയുള്ള വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്. കൂടാതെ, സെപ്റ്റംബർ 28ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബർ 29ന് രാവിലെ 10ന് ആരംഭിക്കും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബർ ഒന്നാണ്.
തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്ക് ഒക്ടോബർ 29നകം സമർപ്പിക്കണം. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം സെപ്റ്റംബർ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

