ഇന്ത്യൻ നാവികസേനയുടെ അടുത്ത ലക്ഷ്യം സൂപ്പർസോണിക് മിസൈല്‍ രംഗത്ത് വൻ കുതിപ്പ്! ബ്രഹ്മോസിന് കരുത്തേകാൻ മാത്രമല്ല, അതിനേക്കാള്‍ ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പുതിയൊരു മിസൈല്‍ സാങ്കേതികവിദ്യയിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
റൊട്ടേറ്റിംഗ് Detonation Engine സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയ സൂപ്പർസോണിക് നാവിക മിസൈല്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ നാവികസേന. വിജയിച്ചാല്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ മിസൈലുകള്‍ നിർമിക്കാനും ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഒരേസമയം വലിയ വെല്ലുവിളി ഉയർത്താനും ഇന്ത്യയ്ക്ക് സാധിക്കും.
നാവികസേനയുടെ നവീകരണ പദ്ധതിയായ 'സ്വാവലംബൻ 2026'ലാണ് ഈ സാങ്കേതികവിദ്യയിലുള്ള താല്‍പ്പര്യം വ്യക്തമാക്കിയത്. ആർഡിഇ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈലിന് യുദ്ധസാഹചര്യങ്ങളില്‍ വിശ്വസനീയമായി പ്രവർത്തിക്കാനാകുമോ എന്നാണ് നാവികസേന പ്രധാനമായും പരിശോധിക്കുന്നത്. എന്നാല്‍ പരീക്ഷണശാലയിലെ വിജയങ്ങള്‍ മാത്രം പോരാ. യഥാർത്ഥ പ്രവർത്തന സാഹചര്യങ്ങളില്‍ സാങ്കേതികവിദ്യയുടെ മികവ് തെളിയിക്കണം. സുരക്ഷ, വിശ്വാസ്യത, തദ്ദേശീയ സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശം, വൻതോതിലുള്ള ഉല്‍പ്പാദനശേഷി എന്നിവയും കർശനമായി വിലയിരുത്തും.
എന്താണ് ഈ ആർഡിഇ സാങ്കേതികവിദ്യ? പരമ്പരാഗത ജെറ്റ് എൻജിനുകളില്‍ ഇന്ധനം കത്തിച്ചാണ് ത്രസ്റ്റ് അഥവാ മുന്നോട്ടുള്ള തള്ളല്‍ശക്തി സൃഷ്ടിക്കുന്നത്. എന്നാല്‍ റൊട്ടേറ്റിംഗ് ഡിറ്റണേഷൻ എൻജിനില്‍ അതിവേഗം സഞ്ചരിക്കുന്ന തുടർച്ചയായ ഡിറ്റണേഷൻ തരംഗങ്ങളാണ് ഊർജം സൃഷ്ടിക്കുന്നത്. ഇതിലൂടെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ത്രസ്റ്റ് ലഭിക്കാനും ഇന്ധനക്ഷമത മെച്ചപ്പെടുത്താനും സാധ്യതയുണ്ട്. അതായത്, വലിയ എൻജിനുകള്‍ ആവശ്യമില്ലാതെ കൂടുതല്‍ വേഗതയും കാര്യക്ഷമതയുമുള്ള മിസൈലുകള്‍ വികസിപ്പിക്കാനുള്ള പുതിയൊരു വഴിയാണ് ആർഡിഇ തുറക്കുന്നത്.
ഈ സാങ്കേതികവിദ്യയുടെ വികസനത്തില്‍ ഇന്ത്യൻ സ്റ്റാർട്ടപ്പുകളും സജീവമാണ്. ഡി-പ്രൊപ്പള്‍സ് എയ്‌റോസ്‌പേസ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് 2026 ജൂലൈയില്‍ ഡിആർഡിഒയുടെ സൗകര്യത്തില്‍ ആർഡിഇ പ്രോട്ടോടൈപ്പ് വിജയകരമായി പരീക്ഷിച്ചതായാണ് റിപ്പോർട്ടുകള്‍. ഒരു ദിവസം തന്നെ അഞ്ച് സ്റ്റാറ്റിക് പരീക്ഷണങ്ങള്‍ പൂർത്തിയാക്കിയ കമ്പനി ഇപ്പോള്‍ രണ്ട് പ്രധാന പദ്ധതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒന്ന്, ആർഡിഇ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈല്‍. മറ്റൊന്ന്, ഡ്രോണ്‍ ആക്രമണങ്ങളെ നേരിടാൻ കഴിയുന്ന ആർഡിആർഇ മൈക്രോ സർഫേസ് ടു എയർ മിസൈല്‍.
ചെറിയ യുദ്ധക്കപ്പലുകള്‍ക്കും മറ്റ് പരിമിതമായ പ്ലാറ്റ്‌ഫോമുകള്‍ക്കും സൂപ്പർസോണിക് മിസൈലുകള്‍ വഹിക്കാൻ കഴിയുന്ന സാഹചര്യം ഈ സാങ്കേതികവിദ്യ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഡി-പ്രൊപ്പള്‍സ് സ്ഥാപകനും സിഇഒയുമായ സൗരവ് ഝായുടെ അഭിപ്രായത്തില്‍, കുറഞ്ഞ ചെലവില്‍ കൂടുതല്‍ കൃത്യതയുള്ള മിസൈലുകള്‍ വൻതോതില്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അതേസമയം, ആധുനിക യുദ്ധരംഗത്ത് വലിയ ഭീഷണിയായി മാറുന്ന ഡ്രോണ്‍ കൂട്ടാക്രമണങ്ങളെ നേരിടാനും മൈക്രോ മിസൈലുകള്‍ക്ക് കഴിയും. പേർഷ്യൻ ഗള്‍ഫ് മേഖലയില്‍ കണ്ടതുപോലുള്ള സാച്ചുറേഷൻ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാൻ വില കുറഞ്ഞതും വേഗതയേറിയതുമായ പ്രതിരോധ മിസൈലുകള്‍ അനിവാര്യമാണ്. വിലകൂടിയ വലിയ മിസൈലുകള്‍ ഉപയോഗിച്ച് ഓരോ ചെറിയ ഡ്രോണിനെയും തകർക്കുന്നത് സാമ്പത്തികമായി പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കുറഞ്ഞ ചെലവിലുള്ള മൈക്രോ മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും.

