Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുഗതൻ അയോഗ്യനാകുമോ? തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം ഇന്ന് നിര്‍ണായകം

സുഗതൻ അയോഗ്യനാകുമോ? തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം ഇന്ന് നിര്‍ണായകം

Karma News 1 week ago

തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലർ ആർ. സുഗതൻ അയോഗ്യനാവുമോ എന്നതില്‍ ഇന്ന് തീരുമാനം അറിയാം.

തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സില്‍ യോഗം ഇന്ന് നടക്കാനിരിക്കെ, സുഗതന്റെ അവധി അപേക്ഷ മേയർ വി.വി. രാജേഷ് കൗണ്‍സില്‍ അംഗീകാരത്തിനായി സമർപ്പിക്കും. അവധി അപേക്ഷയെ ശക്തമായി എതിർക്കാനാണ് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും തീരുമാനം. അപേക്ഷ പാസായില്ലെങ്കില്‍ സുഗതൻ അയോഗ്യനാവുമെന്നിരിക്കെ, അപേക്ഷ വോട്ടിനിടാൻ പ്രതിപക്ഷം ആവശ്യപ്പെട്ടേക്കാം.

എന്നാല്‍, വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി. അപേക്ഷ നല്‍കിയ എല്ലാവർക്കും അവധി അനുവദിച്ച ചരിത്രമേ കോർപ്പറേഷനുള്ളൂവെന്നും ഒരാളുടെയും അവധി അപേക്ഷയ്ക്ക് എതിരായ നിലപാട് ബിജെപി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മേയർ റിപ്പോർട്ടറിനോട് പറഞ്ഞു. അവിശ്വാസം കൊണ്ടുവരാൻ കാത്തിരിക്കുകയാണെന്നും എന്താണ് അത് വൈകുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിച്ചു.

അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ കൗണ്‍സിലർ അയോഗ്യനാകും. എങ്കിലും, കൗണ്‍സിലിന് അവധി അപേക്ഷ അംഗീകരിക്കാൻ നിയമപരമായി അധികാരമുണ്ട്. എന്നാല്‍, പരാതിയുമായി ആരെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചാല്‍ ഏത് സാഹചര്യത്തിലാണ് അവധി അംഗീകരിച്ചതെന്ന് കമ്മീഷനെ ബോധ്യപ്പെടുത്തേണ്ടി വരും. ജൂണ്‍ 29നാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗം ചേർന്നത്. മാസത്തില്‍ ഒരു കൗണ്‍സില്‍ യോഗം നിർബന്ധമാണെന്നിരിക്കെയാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്.

101 അംഗ കൗണ്‍സിലില്‍ ആർ. സുഗതൻ ഉള്‍പ്പെടെ 50 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. രണ്ട് സ്വതന്ത്രരില്‍ ഒരാളുടെ പിന്തുണയോടെയാണ് നിലവില്‍ ബിജെപി കോർപ്പറേഷൻ ഭരിക്കുന്നത്. സുഗതൻ അയോഗ്യനായാല്‍ ബിജെപി ഭരണസമിതി കടുത്ത പ്രതിസന്ധിയിലാകും. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ആകെ അംഗബലം 49 ആണ്. ഇത്തരമൊരു സാഹചര്യത്തില്‍ രണ്ടാമത്തെ സ്വതന്ത്ര അംഗത്തിന്റെ നിലപാടും വോട്ടും നിർണ്ണായകമായി മാറും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News