ഹൈദരാബാദ് ∙ റീല്‍സ് എടുത്ത് തുടർച്ചയായി സ്വകാര്യ സ്കൂളുകളെ പുകഴ്ത്തിയെന്ന ആരോപണം നേരിട്ട സർക്കാർ സ്കൂള്‍ അധ്യാപിക രാജിവച്ചു.
തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മാമില്ലഗുഡം സർക്കാർ സ്കൂളിലെ ഇംഗ്ലിഷ് അധ്യാപികയായ ബൂക്യ ഗൗതമിയാണ് 12 വർഷം നീണ്ടുനിന്ന സർക്കാർ സ്കൂളിലെ അധ്യാപനം അവസാനിപ്പിച്ചത്. വിവാദത്തെ തുടർന്ന് ഏറെ നാളായി അധ്യാപിക സസ്പെൻഷനിലായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ സ്വകാര്യ സ്കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം നേടാൻ പിന്തുണ നല്‍കിയെന്നും സർക്കാർ സ്കൂളില്‍ ചെയ്യേണ്ട കടമകള്‍ നിർവഹിച്ചില്ലെന്നും കാട്ടിയാണ് ഗൗതമിക്ക് ജനുവരിയില്‍ അധികൃതർ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. വിവാദങ്ങള്‍ക്ക് മറുപടിയായി റീല്‍സ് എടുത്തത് സ്കൂള്‍ സമയത്തല്ലെന്നും വീട്ടിലാണ് റിക്കോർഡ് ചെയ്തതെന്നും ഗൗതമി മറുപടി നല്‍കി. സ്കൂളിലെ ഉത്തരവാദിത്തങ്ങള്‍ ഒരിക്കലും ചെയ്യാതിരുന്നിട്ടില്ലെന്നും 12 വർഷമായി സേവനം നല്‍കുന്നതായും അധ്യാപിക ചൂണ്ടിക്കാട്ടി. എന്നാല്‍ മറുപടി തൃപ്തികരമല്ലെന്ന കാരണത്താല്‍ അധ്യാപികയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
രാജി പ്രഖ്യാപനവും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റീല്‍സിലൂടെയാണ് അധ്യാപിക അറിയിച്ചത്. വിവാദങ്ങള്‍ നല്‍കിയ അപമാനവും സമ്മർദവും താങ്ങാനാവുന്നില്ലെന്നും വിഡിയോയില്‍ അധ്യാപിക പറയുന്നു. പുനർനിയമനം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയപ്പോഴും അനുകൂല നടപടി ലഭിച്ചില്ലെന്നും ഓഫിസില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നെന്നും അധ്യാപിക ആരോപിക്കുന്നു. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഗൗതമി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.

