മത്സരിച്ച ആദ്യ ഇലക്ഷനില്‍ ഡിഎംകെയെ തകർത്ത് തമിഴ്നാട് തൂക്കിയിരിക്കുകയാണ് വിജയിയുടെ ടിവികെ. സിനിമ മതിയാക്കിക്കൊണ്ട് രാഷ്ട്രിയത്തിലേക്കിറങ്ങിയ വിജയ് എല്ലാ കണക്കുകൂട്ടലുകളെയും കാറ്റില്‍ പറത്തിയാണ് വമ്പിച്ച വിജയത്തില്‍ എത്തിനില്‍ക്കുന്നത്.
കടലായി ഒഴുകിയ തമിഴ് ജനതയുടെ സ്നേഹം ടിവികെയെ എത്തിച്ചത് ആരെയും കൊതിപ്പിക്കുന്ന വിജയത്തിലാണ്.
വിജയിന്റെ രാഷ്ട്രീയ പ്രവേശനം ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. 2009-ല്‍ 'വിജയ് മക്കള്‍ ഇയക്കം' എന്ന ആരാധക കൂട്ടായ്മ രൂപീകരിച്ചപ്പോള്‍ തന്നെ അതിന്റെ വിത്തുകള്‍ പാകിയിരുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും താഴെത്തട്ടില്‍ ഒരു രാഷ്ട്രീയ യന്ത്രം അദ്ദേഹം പണിയുകയായിരുന്നു. 2021-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മത്സരിച്ച ആരാധക കൂട്ടായ്മയിലെ അംഗങ്ങള്‍ വൻ വിജയം നേടിയത് രാഷ്ട്രീയ നിരീക്ഷകർക്ക് നല്‍കിയ സൂചന വ്യക്തമായിരുന്നു - വിജയിന്റെ പിന്നില്‍ നില്‍ക്കുന്നത് വെറും ആവേശക്കാരായ ആരാധകരല്ല, മറിച്ച് ചിട്ടയായ വോട്ട് ബാങ്കാണ്.
തലൈവ സിനിമയുടെ 'നേതൃത്വത്തിനുള്ള സമയം' എന്ന ടാഗ്‌ലൈനില്‍ തുടങ്ങി പത്തു വർഷത്തോളം അദ്ദേഹം ഭരണകൂടങ്ങളുടെ കണ്ണിലെ കരടായി. മെർസലിലെ ജി.എസ്.ടി വിമർശനവും, സർക്കാരിലെ രാഷ്ട്രീയ അഴിമതിക്കെതിരെയുള്ള പോരാട്ടവും അദ്ദേഹത്തെ വെറുമൊരു നടനില്‍ നിന്ന് ജനകീയ നേതാവിലേക്ക് മാറ്റി. പൗരത്വ നിയമത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചതും, ഇന്ധനവില വർധനവിനെതിരെ സൈക്കിളില്‍ വോട്ട് ചെയ്യാൻ എത്തിയതും ഓരോന്നും കൃത്യമായി കണക്കുകൂട്ടിയ രാഷ്ട്രീയ നീക്കങ്ങളായിരുന്നു.

