കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ബിജെപിക്കുവേണ്ടി വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താൻ കൂട്ടുനില്‍ക്കുന്നുവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.
വോട്ടെണ്ണലിന് മുന്നോടിയായി കൊല്‍ക്കത്തയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പലയിടങ്ങളിലും ഇവിഎമ്മുകളില്‍ തട്ടിപ്പ് നടത്താൻ ശ്രമം നടന്നതായി വിവരമുണ്ടെന്ന് മമത ആരോപിച്ചു. ഭവാനിപൂരിലെ കൗണ്ടിംഗ് സെന്ററില്‍ ബാലറ്റ് ബോക്സുകള്‍ തുറക്കാൻ നീക്കം നടന്നതായും ഇത് തടയാനാണ് താൻ നേരിട്ടെത്തിയതെന്നും അവർ വ്യക്തമാക്കി. 'ബംഗാളിന്റെ ജനവിധിയെ അട്ടിമറിക്കാൻ ശ്രമിച്ചാല്‍ സ്വന്തം ജീവൻ നല്‍കിയും ഞാനതിനെ പ്രതിരോധിക്കും,' മമത പ്രഖ്യാപിച്ചു.
പരിശോധനയ്ക്കായി എത്തിയ തടയാൻ കേന്ദ്രസേന ശ്രമിച്ചതായി മമത ചൂണ്ടിക്കാട്ടി. ഒരു മുഖ്യമന്ത്രിയെ തടയാൻ അവർക്ക് ആര് അധികാരം നല്‍കിയെന്ന് ചോദിച്ച മമത, ബിജെപിയുടെ ചട്ടുകമായി സേനയും കമ്മീഷനും മാറിയെന്ന് കുറ്റപ്പെടുത്തി. ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകള്‍ക്ക് മുന്നില്‍ വോട്ടെണ്ണല്‍ കഴിയും വരെ ജാഗ്രതയോടെ കാവല്‍ നില്‍ക്കാൻ അവർ തൃണമൂല്‍ പ്രവർത്തകർക്ക് നിർദേശം നല്‍കി.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ മമത പരിഹസിച്ചു. 'നേരത്തെ പലരും പലതും പ്രവചിച്ചു, അതൊക്കെ എവിടെപ്പോയി?' എന്നായിരുന്നു മമതയുടെ ചോദ്യം. ജനങ്ങള്‍ തൃണമൂലിനൊപ്പമാണെന്നും കൃത്രിമ പ്രവചനങ്ങളെ ഭയപ്പെടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പുലർച്ചെ ഒരു മണിയോടെ ഭവാനിപൂരിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ മമത ബാനർജിയുടെ വാഹനവ്യൂഹം ബിജെപി പ്രവർത്തകർ തടഞ്ഞു. ഇതോടെ പ്രദേശത്ത് ഇരുവിഭാഗം പ്രവർത്തകരും തമ്മില്‍ വലിയ തോതിലുള്ള വാക്കേറ്റവും തള്ളിക്കയറ്റവുമുണ്ടായി. പോലീസ് കഠിനപ്രയത്നം നടത്തിയാണ് മമതയുടെ വാഹനത്തിന് പോകാൻ വഴിയൊരുക്കിയത്.

