കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂരില്‍ വീണ്ടും ബോംബേറ്. പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി പത്ത് മണിയോടെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.
പാട്യം പതിനാറാം വാർഡ് പഞ്ചായത്ത് അംഗവും ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി. മജിഷയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് തവണയാണ് ബോംബെറിഞ്ഞത്. ഒരു ബോംബ് വീടിന്റെ മുറ്റത്തും മറ്റൊന്ന് സമീപത്തെ റോഡിലും വീണ് പൊട്ടി. വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബോംബേറുണ്ടായത് പ്രദേശത്ത് വലിയ ജനശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മുമ്പ് രാഷ്ട്രീയ സംഘർഷങ്ങള്‍ നിലനിന്നിരുന്ന പ്രദേശമാണ് പത്തായക്കുന്ന് എന്നതിനാല്‍ പോലീസ് അതീവ ജാഗ്രതയിലാണ്.
സംഭവത്തെത്തുടർന്ന് കതിരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. നിലവില്‍ പ്രദേശത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചു വരികയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുന്നത് ക്രമസമാധാന നിലയെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

