ചെന്നൈ: പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തില്‍ അറസ്റ്റിലേക്ക് കടന്ന് പൊലീസ്.
തഞ്ചാവൂരില്‍ നിന്നും പൊലീസ് സംഘം ഉദയനിധിയുടെ വീടിന് മുന്നിലെത്തി. ഉദയനിധിയെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
കനത്ത പോലീസ് വിന്യാസമാണ് ഉദയനിധിയുടെ വീടിന് മുന്നില്‍ ഏർപ്പെടുത്തിയിരിക്കുന്നത്. വീടിന് മുന്നിലെത്തിയ പൊലീസും ഡിഎംകെ പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഉദയനിധിയെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ട് പോകാനാണ് പോലീസിന്റെ നീക്കം.
അതിനിടെ, മുൻകൂർ ജാമ്യാപേക്ഷയുമായി ഉദയനിധി മദ്രാസ് ഹൈക്കോടതിയിലെത്തി. ഉദയനിധിയുടെ അറസ്റ്റ് തടയണമെന്ന് അഭിഭാഷകർ കോടതിക്ക് മുന്നില്‍ പരാമർശിച്ചു. ഉദയനിധി നിയമസഭയില്‍ എത്താതിരിക്കാനുള്ള നീക്കമാണ് അറസ്റ്റിന് പിന്നിലെന്ന് ഡിഎംകെ വാദിച്ചു. ഹർജി ഉച്ചയ്ക്ക് ശേഷം കേള്‍ക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

