തൃശൂർ: കുന്നംകുളം പെരുമ്പിലാവില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവർന്നു. പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ വെളുത്ത വളപ്പില്‍ അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 13.5 പവന്‍ സ്വര്‍ണവും, 10,000 രൂപയും, ഒപ്പം ആധാര്‍ കാര്‍ഡ്, ആര്‍സി ബുക്ക് തുടങ്ങിയ പ്രധാന രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.
കുടുംബത്തോടൊപ്പം പുറത്തുപോയ അക്ബര്‍, രണ്ടുരണ്ടര മണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം പുറത്തറിയുന്നത്. അന്ന് വൈകിട്ട് കൃത്യം ആറു മണിക്ക് വീട് പൂട്ടി പുറത്തേക്ക് പോയതായിരുന്നു ഇവര്‍. രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അക്ബര്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
ഡോഗ്‌സ്‌കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. വീട്ടിലെ അലമാരകളിലെ വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. പിറകുവശത്തെ ഗ്രില്ലും തകര്‍ത്താണ് മോഷ്ടാക്കള്‍ പുറത്ത് പോയിരിക്കുന്നത്. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ച് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

