വടകര എംഡിഎംഎ കേസില്‍ നിർണായക വിവരങ്ങളുമായി അന്വേഷണ സംഘം (എസ്‌ഐടി). ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘത്തലവന് കേസിലെ പ്രതികളായ അധ്യാപികമാരുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
വയനാട് സ്വദേശിയായ ഇയാള്‍ വിവിധ കേസുകളില്‍ പങ്കാളിയാണെന്ന് വ്യക്തമാക്കിയ പൊലീസ്, ഇയാളെ പിടികൂടാനായി വലവിരിച്ചുകഴിഞ്ഞു.
കേസില്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. എസ്.എസ്.കെ സ്റ്റേറ്റ് അഡീഷണല്‍ പ്രൊജക്‌ട് ഡയറക്ടറാണ് അന്വേഷണ തലവൻ. പേരാമ്പ്ര ബി.ആർ.സിയിലും സമീപ ബി.ആർ.സികളിലും സമിതി അന്വേഷണം നടത്തും. അടിയന്തരമായി റിപ്പോർട്ട് നല്‍കാനും സമിതിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് ഈ കേസില്‍ പരീക്ഷിച്ചിരുന്നത്. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേരാണ് പണം അയച്ചിട്ടുള്ളത്. അറസ്റ്റിലായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപകർ ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനോട് പങ്കുവെക്കാൻ തയ്യാറായിട്ടില്ല.
അറസ്റ്റിലായവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപ എത്തിയെന്നാണ് കണ്ടെത്തല്‍. ഈ പണം നാർക്കോട്ടിക് ബിസിനസ് വഴി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞാല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് പൊലീസിന്റെ നീക്കം. അന്വേഷണത്തില്‍, പിടിക്കപ്പെടാതിരിക്കാൻ പ്രതികള്‍ വിദേശ ഫോണ്‍ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത് എന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

