തിരുവനന്തപുരം ∙ യുവാവിന്റെ കണ്ണില്‍ എസ്‌ഐ പെപ്പർ സ്പ്രേ അടിച്ച സംഭവത്തില്‍ ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ്.
ചിറയിൻകീഴ് കുറക്കട സ്വദേശി ശ്രീനാഥിന്റെ പരാതിയിലാണ് നടപടി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവാണ് സർക്കാർ നടപ്പാക്കിയത്.
വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടക്കുന്നതിനിടയില്‍ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യാനായി യുവാവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്‌ഐ പെപ്പർ സ്പ്രേ അടിച്ചത്. നഷ്ടപരിഹാര തുകയായ 50,000 രൂപ നിലവില്‍ സർക്കാർ ഫണ്ടില്‍ നിന്നും അനുവദിച്ച ശേഷം, കുറ്റക്കാരനായ എസ്‌ഐയുടെ ശമ്പളത്തില്‍ നിന്നും ഘട്ടംഘട്ടമായി ഈടാക്കാനാണ് കമ്മിഷൻ നിർദേശം നല്‍കിയത്.
രണ്ടു മാസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ പ്രസ്തുത കാലയളവിന് 8 ശതമാനം പലിശ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. സ്വീകരിച്ച നടപടികള്‍ സംസ്ഥാന പൊലീസ് മേധാവി കമ്മിഷനെ അറിയിക്കും. 2023 ഒക്ടോബർ 9 ന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

