Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡാമുകളിലും നദികളിലുമായി 5,000 കോടിയുടെ മണല്‍; ശാസ്ത്രീയമായി നീക്കിയാല്‍ ഖജനാവ് നിറയും, വെള്ളപ്പൊക്കവും തടയാം

ഡാമുകളിലും നദികളിലുമായി 5,000 കോടിയുടെ മണല്‍; ശാസ്ത്രീയമായി നീക്കിയാല്‍ ഖജനാവ് നിറയും, വെള്ളപ്പൊക്കവും തടയാം

തിരുവനന്തപുരം: (KasaragodVartha) മുൻ വർഷങ്ങളില്‍ നടമാടിയ പേമാരിയില്‍ നിന്നും പ്രളയത്തില്‍ നിന്നും സർക്കാരുകള്‍ ഒന്നും പഠിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കെ, വെള്ളപ്പൊക്കവും പ്രളയ സമാന സാഹചര്യങ്ങളും ആവർത്തിക്കുമ്പോള്‍ സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകിടക്കുന്നത് 5,000 കോടി രൂപയിലേറെ മൂല്യമുള്ള മണല്‍ കൂമ്പാരങ്ങള്‍.

ഇത് നേരത്തെ നീക്കിയിരുന്നുവെങ്കില്‍ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനും, സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുന്ന സർക്കാരിന് വലിയൊരു വരുമാന സ്രോതസ്സ് കണ്ടെത്താമായിരുന്നുവെന്ന അഭിപ്രായം ഇപ്പോള്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായി ഉയർന്നുവരുന്നുണ്ട്. 2018-19 വർഷങ്ങളിലെ പ്രളയത്തിലാണ് ഡാമുകളിലും നദികളിലും വൻതോതില്‍ മണല്‍ അടിഞ്ഞത്.

സാൻഡ് ഓഡിറ്റ് റിപ്പോർട്ടിലെ കണക്കുകള്‍

എട്ട് ജില്ലകളിലെ നദികളില്‍ മാത്രം 1.75 കോടി മെട്രിക് ടണ്‍ മണലുണ്ടെന്നും, ഇതിന് 1,500 കോടിയിലേറെ മൂല്യം ഉണ്ടാവുമെന്നും നാല് വർഷം മുൻപ് സാൻഡ് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. 11 ജില്ലകളില്‍ 17 നദികളില്‍ ഖനന സാധ്യതയുണ്ടെന്നും അന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇത് ഗൗരവത്തിലെടുക്കാൻ മുൻ സർക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. വെള്ളപ്പൊക്കവും പ്രളയവും നേരിടാൻ സർക്കാർ ഗൗരവമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല എന്നതിൻ്റെ വ്യക്തമായ സൂചനകളാണിത്.

കണക്കുകള്‍ പ്രകാരം ഭാരതപ്പുഴയില്‍ 75 ലക്ഷത്തോളം മെട്രിക് ടണ്‍ മണലുണ്ട്. പാലക്കാട്ടെ മംഗലം ഡാമില്‍ 50 ലക്ഷം ഘന മീറ്റർ മണലും, തിരുവനന്തപുരത്ത് അരുവിക്കരയില്‍ 20 ലക്ഷം ഘന മീറ്റർ മണലുമുണ്ട്. ചുള്ളിയാർ, ചിമ്മിണി, മലമ്പുഴ തുടങ്ങിയ 9 ഇടത്ത് 10 മുതല്‍ 30 ലക്ഷം ഘന മീറ്റർ വരെ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ട് ശാസ്ത്രീയമായ രീതിയില്‍ മണല്‍ ഖനനം നടത്തിയാല്‍ അത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടത്തിന് വഴിവെക്കും.

സംഭരണശേഷിയും വൈദ്യുതി പ്രതിസന്ധിയും

നിലവില്‍ ഡാമുകളില്‍ 40 ശതമാനം മണലും ചെളിയും നിറഞ്ഞിട്ടുണ്ട്. ഈ മണലെടുത്താല്‍ വെള്ളപ്പൊക്കം തടയാനും സർക്കാരിന് വരുമാനമുണ്ടാക്കാനും കഴിയുന്നതോടൊപ്പം ഡാമുകളുടെ സംഭരണശേഷി 15 ശതമാനം വരെ കൂട്ടാനും സാധിക്കും. ഇതുവഴി 900 ദശലക്ഷം ഘന മീറ്റര്‍ വെള്ളം അധികമായി സംഭരിക്കാൻ കഴിയുകയും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാനും സാധിക്കും.

എന്നാല്‍ ഇതൊന്നും സർക്കാരിൻ്റെ അജണ്ടയില്‍ ഇല്ലാതെ പോയി എന്നത് വലിയ പോരായ്മയാണ്. കാസർകോട് ജില്ലയിലടക്കം നേരത്തെ പുഴകളില്‍ നിന്ന് മണല്‍ നീക്കം ചെയ്യാൻ നിർദേശം ഉണ്ടായിട്ടുണ്ടെങ്കിലും അതും ഇതുവരെ നടപ്പിലായിട്ടില്ല. ഇതുമൂലം പല പുഴകളിലും ജലനിരപ്പ് വേഗത്തില്‍ ഉയർന്ന് തീരവാസികള്‍ അപകട ഭീഷണി നേരിടുന്നുമുണ്ട്.

നദികളിലെയും ഡാമുകളിലെയും മണല്‍ ശേഖരത്തെക്കുറിച്ചുള്ള ഈ സുപ്രധാന വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പ്രാദേശിക വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Over 5,000 crore worth of sand is piled up in Kerala's rivers and dams; timely removal could prevent floods and boost revenue.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha