Saturday, 28 Nov, 6.33 pm കാസര്‍കോട് വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പൊലീസ് കേസ്; സംഭവം രണ്ടു ഉപദേശികള്‍ പുറത്തായി മറ്റൊരാളുടെ നിയമനത്തിനിടെ

മംഗളൂറു: (www.kasargodvartha.com 28.11.2020) കേരള മുഖ്യമന്ത്രിയുടെ കാര്യാലയത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരിഞ്ഞുമുറുക്കുമ്ബോള്‍ കര്‍ണ്ണാടകയുടെ ചരിത്രത്തിലാദ്യം മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. ബി എസ് യദ്യൂരപ്പയുടെ ബന്ധു കൂടിയായ എന്‍ ആര്‍ സന്തോഷിനെ അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച്‌ അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


സന്തോഷിനെതിരെ സദാശിവ നഗര്‍ പൊലീസ് ആത്മഹത്യാശ്രമത്തിന് (ഐ പി സി സെക്ഷന്‍ (309) കേസെടുത്തു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളായ രണ്ടു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ പുറത്താക്കുകയും മറ്റെയാള്‍ രാജിവെക്കുകയും മറ്റൊരു മാധ്യമ പ്രവര്‍ത്തകനെ നിയമിക്കാന്‍ നീക്കം നടക്കുകയും ചെയ്യുന്ന വേളയിലാണ് ആത്മഹത്യാശ്രമം.

വെള്ളിയാഴ്ച രാത്രി ഡോള്ളര്‍സ് കോളനിയില്‍ തന്റെ പാര്‍പിടത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സന്തോഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് ശനിയാഴ്ച രാവിലെ വെളിപ്പെടുത്തി. വെള്ളിയാഴ്ച അര്‍ദ്ധ രാത്രി ആശുപത്രിയില്‍ സന്തോഷിനെ സന്ദര്‍ശിച്ച മുഖ്യമന്ത്രി, പകല്‍ കണ്ടപ്പോള്‍ വളരെ സന്തോഷവാനായാണ് കണ്ടതെന്ന് പറഞ്ഞു. പെട്ടെന്ന് എന്തു സംഭവിച്ചു എന്നറിയില്ല. നല്ല ചികിത്സ ലഭിക്കുന്നു. ശനിയാഴ്ച രാവിലെ ഞങ്ങള്‍ 45 മിനുട്ട് ഒപ്പം നടന്നു എന്ന് യദ്യൂരപ്പ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. കാരണം അറിയില്ലെന്ന് പൊലീസ് പറഞ്ഞു.

ആറു മാസം മുമ്ബാണ് സന്തോഷിനെ മുഖ്യമന്ത്രി തന്റെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായി നിയമിച്ചത്. യദ്യൂരപ്പ പ്രതിപക്ഷ നേതാവും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനുമായ വേളയില്‍ സന്തോഷ് അദ്ദേഹത്തിന്റെ പി എയായിരുന്നു. എച്ച്‌ ഡി കുമാര സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ ഡി എസ് മന്ത്രിസഭ മറിച്ചിടാനുള്ള രാഷ്ട്രീയ കുതിരക്കച്ചവടം സന്തോഷിന്റെ ആശയമായിരുന്നുവെന്ന് അന്നേ അണിയറ വര്‍ത്തമാനമുണ്ടായിരുന്നു. ഇത് രസിക്കാത്ത പാര്‍ടി കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നടത്തിയ ബന്ധുനിയമനത്തിനെതിരെ മുറുമുറുപ്പ് തുടരുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസ് യദ്യൂരപ്പയുടെ ഇളയ മകനും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ബി വൈ വിജയേന്ദ്രയുടെ നിയന്ത്രണത്തില്‍ അമരുന്നതിന്റെ അസ്വസ്ഥതകള്‍ അകത്തും അഴിമതിക്കഥകള്‍ പുറത്തും പുകയുന്നതിന്റെ പ്രതിഫലനത്തിന്റെതുടര്‍ച്ചയാണ് സന്തോഷിന്റെ കടുംകൈയെന്നാണ് അണിയറ വര്‍ത്തമാനം. ഇതുവരെ മുഖ്യമന്ത്രിയെ തന്ത്രങ്ങളും ഉപദേശങ്ങളും കൊണ്ട് താങ്ങി നിറുത്തിയവരെ തങ്ങള്‍ ഒന്നുമല്ലാതാവുന്നു എന്ന ചിന്ത അലട്ടുന്നുണ്ട്. ആര്‍ ആര്‍ നഗര്‍, സിറ നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ഈയിടെ ബി ജെ പി നേടിയ വിജയവും വിജയേന്ദ്രയുടെ മികവായാണ് ആഘോഷിക്കപ്പെടുന്നത്.

കോണ്‍ഗ്രസ്സ് എം എല്‍ എ നാരായണ റാവു കോവിഡ് ബാധിച്ച്‌ മരിച്ചതിനെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പു നടക്കാന്‍ പോവുന്ന ബസവ കല്ല്യാണ്‍ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയേന്ദ്രയാവും എന്ന് ധാരണയായിട്ടുണ്ട്. സന്തോഷ് സന്തോഷവാനായിരുന്നുവെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും ഈയിടെയായി അദ്ദേഹത്തില്‍ മ്ലാനത പ്രകടമാണെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. ഇദ്ദേഹം നടത്തിയ അറ്റകൈ പ്രയോഗം മുഖ്യമന്ത്രിയുടെ ഉപദേശികളായിരിക്കെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മഹാദേവ പ്രകാശ് ഈ മാസം 18ന് രാജിവെക്കുകയും മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ എം ബി മറംകലിനെ പുറത്താക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയാണ്. പബ്ലിക് റിലേഷന്‍സ് ഡയറക്ടറായി വിരമിച്ച എന്‍ ഭ്രുന്‍ഗീസിനെ പകരം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു.


Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha
Top