Sunday, 20 Sep, 1.08 pm കാസര്‍കോട് വാര്‍ത്ത

ലേറ്റസ്റ്റ് ന്യൂസ്
കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിനെതിരെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ രംഗത്ത്; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു

കാസര്‍കോട്: (www.kasargodvartha.com 20.09.2020) കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിനെതിരെ കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. കോവിഡ് - 19 സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനു ഒരിക്കല്‍ ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിയും പീഡിയാട്രിക്കും മാറ്റിയതായിരുന്നു. ആ സമയത്ത് സാധാരണക്കാരായ ജനങ്ങള്‍ അനുഭവിച്ച ദുരിതം താങ്ങാവുന്നതിലേറെയായിരുന്നു. അതിര്‍ത്തി അടഞ്ഞുകിടന്ന സമയമായിരുന്നതിനാല്‍ മംഗളൂരുവിലെ ആശുപത്രികളില്‍ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.


ആ സ്ഥിതിയില്‍ ഇന്നും വലിയ മാറ്റം വന്നിട്ടില്ല. മഞ്ചേശ്വരം കാസര്‍കോട് താലൂക്കുകളിലെ പാവപ്പെട്ട ജനങ്ങളുടെ ഏക ആശ്രയമാണ് കാസര്‍കോട് ജനറല്‍ ആശുപത്രി. മാസം 300 ലധികം പ്രസവം ഇവിടെ നടക്കുന്നു. ദിവസം 500 ലധികം ഒ പിയുണ്ട്. ഏറ്റവും കൂടുതല്‍ അപകടങ്ങളും അപകടമരണങ്ങളും നടക്കുന്ന മേഖലയിലാണ് കാസര്‍കോട് ജനറല്‍ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇതിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയാല്‍ ജനങ്ങള്‍ സഹിക്കേണ്ടിവരുന്ന അസഹനീയമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തേ മതിയാകൂവെന്ന് എം എല്‍ എ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി.

കാസര്‍കോട് മണ്ഡലത്തില്‍ തന്നെ ബദിയഡുക്ക ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി ഉള്ളപ്പോള്‍ എന്തിനാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയെ ഇന്നത്തെ നിലയില്‍ നിന്ന് മാറ്റാന്‍ ചിന്തിക്കുന്നത് എന്നത് ദുരൂഹമാണ്. മെഡിക്കല്‍ കോളേജില്‍ തന്നെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് അഭികാമ്യം. മാത്രവുമല്ല ടാറ്റാ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ നിധിയില്‍ നിന്ന് ലഭിച്ച 60 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച 550 ബെഡുള്ള കോവിഡ് ആശുപത്രിയുടെ താക്കോല്‍ ഈ മാസം ഒമ്ബതിനാണ് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. ഇത്രയും സംവിധാനങ്ങള്‍ ഉള്ള സാഹചര്യത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കത്തില്‍ എം എല്‍ എ ആവശ്യപ്പെടുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kasargodvartha
Top