Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാസര്‍കോട് മെഡിക്കല്‍ കോളജിന് പ്രത്യേക ഫണ്ട് വേണം; ബജറ്റിലെ അവഗണനയില്‍ അതൃപ്തിയറിയിച്ച്‌ മുസ്ലിം ലീഗ് നേതൃത്വം

കാസര്‍കോട് മെഡിക്കല്‍ കോളജിന് പ്രത്യേക ഫണ്ട് വേണം; ബജറ്റിലെ അവഗണനയില്‍ അതൃപ്തിയറിയിച്ച്‌ മുസ്ലിം ലീഗ് നേതൃത്വം

_റിയാസ് മുഹമ്മദ്

കാസർകോട്: (KasargodVartha) ജില്ലയിലെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ സ്വപ്നമായ കാസർകോട് സർക്കാർ മെഡിക്കല്‍ കോളജ് യാഥാർഥ്യമാക്കാൻ യുഡിഎഫ് സർക്കാരിന് മേല്‍ സമ്മർദ്ദം ശക്തമാക്കി മുസ്ലിം ലീഗ്.

ഇടതുമുന്നണി ഭരണത്തില്‍ നാണക്കേടിൻ്റെ പത്ത് വർഷമായിരുന്നു മെഡിക്കല്‍ കോളജിൻ്റെ അവസ്ഥയെന്നും, ഈ വർഷം തന്നെ നിർമാണം പൂർത്തിയാക്കണമെന്നുമാണ് പാർട്ടി പ്രവർത്തകരുടെ പ്രധാന ആവശ്യം. ഇതിനൊരു ശാശ്വത പരിഹാരമുണ്ടാകുമെന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന യുഡിഎഫ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ഇതുതന്നെയായിരുന്നു യുഡിഎഫിൻ്റെ പ്രധാന വിഷയം. തൻ്റെ ആദ്യത്തെ കർത്തവ്യം മെഡിക്കല്‍ കോളജിനായിരിക്കുമെന്ന് നിയുക്ത എംഎല്‍എ കല്ലട്ര മാഹിൻ ഹാജി വിജയിച്ച ഉടൻ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബജറ്റിലെ അവഗണനയും ലീഗിൻ്റെ അതൃപ്തിയും

ജില്ലയിലെ ഒട്ടുമിക്ക ആരോഗ്യ കേന്ദ്രങ്ങളും ഡോക്ടർമാരും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതെ കടുത്ത അവഗണന നേരിടുമ്പോള്‍, മെഡിക്കല്‍ കോളജ് പൂർണമായും തുറന്നുകൊടുക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നാണ് മുസ്ലിം ലീഗിൻ്റെ ശക്തമായ ആവശ്യം. എൻഡോസള്‍ഫാൻ ദുരിതബാധിതർ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ മെച്ചപ്പെട്ട വിദഗ്ധ ചികിത്സയ്ക്കായി ഇപ്പോഴും മംഗ്ളൂരിനെയാണ് ആശ്രയിക്കുന്നത്.

മെഡിക്കല്‍ കോളജിനായി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഒന്നടങ്കം കഴിഞ്ഞമാസം തിരുവനന്തപുരത്തെത്തി മുസ്ലിം ലീഗ് മന്ത്രിമാരെ നേരിട്ട് സന്ദർശിച്ച്‌ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പുതിയ സർക്കാരിൻ്റെ നൂറു ദിന കർമ പദ്ധതികളില്‍ ഇത് ഇടംപിടിക്കണമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന വി ഡി സതീശൻ ബജറ്റ് അവതരണ വേളയില്‍ കാസർകോട് മെഡിക്കല്‍ കോളജിനെ തഴഞ്ഞുവെന്ന ആക്ഷേപം ലീഗ് പാർട്ടിക്കുള്ളില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.

വികസന പാക്കേജും അപര്യാപ്തതയും

കാസർകോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളജ് വികസനം പൂർത്തിയാക്കാനാണ് നിലവില്‍ സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ നിർദേശം. ഇതിനോട് മുസ്ലിം ലീഗിന് കടുത്ത നീരസമുണ്ട്. മെഡിക്കല്‍ കോളജിന് മാത്രമായി പ്രത്യേക ഫണ്ട് തന്നെ അനുവദിക്കണമെന്ന അഭിപ്രായമാണ് ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിനുള്ളത്. കാസർകോട് വികസന പാക്കേജില്‍ അനുവദിക്കുന്ന തുക ജില്ലയിലെ മൊത്തം പദ്ധതികള്‍ക്ക് വേണ്ടിയാണെന്നിരിക്കെ, അതില്‍ നിന്നും നാമമാത്രമായ തുകയായിരിക്കും മെഡിക്കല്‍ കോളജിന് ലഭിക്കുക. ഇത് മെഡിക്കല്‍ കോളജ് പൂർണസജ്ജമാക്കുന്നതിന് തീർത്തും അപര്യാപ്തമാണെന്ന് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രവർത്തകരുടെ പദ്ധതിക്കായുള്ള വലിയ സമ്മർദ്ദം മൂലമാണ് നിരവധി പദ്ധതികള്‍ക്കായി ലീഗ് നേതാക്കള്‍ തിരുവനന്തപുരത്ത് ചെന്ന് മന്ത്രിമാരെ നേരിട്ട് കണ്ടത്. മെഡിക്കല്‍ കോളജ് യാഥാർഥ്യമാക്കാൻ യൂത്ത് ലീഗ് ഇടതുമുന്നണി ഭരണകാലത്ത് വലിയ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. യുഡിഎഫ് ഭരണകാലത്തും മെഡിക്കല്‍ കോളജ് അതേ ശോചനീയാവസ്ഥയില്‍ നിലനില്‍ക്കുന്നത് പാർട്ടിക്ക് വലിയ തലവേദന ഉണ്ടാക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തത് വരും തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും മുന്നണിയിലുണ്ട്.

കോണ്‍ഗ്രസിനെതിരെ ഉയർന്ന ആക്ഷേപം

അതേസമയം, കാസർകോട് ജില്ലയിലെ വികസന കാര്യത്തില്‍ കോണ്‍ഗ്രസ് വേണ്ടത്ര താല്‍പര്യം കാട്ടുന്നില്ലെന്ന ഗുരുതരമായ ആക്ഷേപവും മുന്നണിക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് ഡി സി സി ഓഫീസില്‍ സ്വീകരണം നല്‍കുന്നതല്ലാതെ ജില്ലയുടെ വികസന കാര്യത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ മന്ത്രിമാരെ ധരിപ്പിക്കുന്നില്ലെന്ന ആക്ഷേപമാണ് ശക്തമായി ഉയരുന്നത്.

കാസർകോട് മെഡിക്കല്‍ കോളജ് യാഥാർഥ്യമാക്കണമെന്ന മുസ്ലിം ലീഗിൻ്റെ ആവശ്യവുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Muslim League pressures UDF govt to complete Kasaragod Medical College.

#KasaragodMedicalCollege #MuslimLeague #UDFGovernment #KasaragodNews #KeralaPolitics #MalayalamNews #AnjuNews

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha