കാസർകോട്: (KasargodVartha) നഗരത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഏറെ ബാധിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.
പുതിയ ബസ് സ്റ്റാൻഡില്‍ നിന്ന് എംജി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഷോബിക, മൈജി, ടോടോമാള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മുൻവശത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച മാള്‍ ഓഫ് കാസർകോടിന് മുൻവശത്ത് വെച്ച് സകൂട്ടർ യാത്രക്കാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ച സംഭവം പിന്നീട് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാല്‍നടയാത്രക്കാരനെ ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിച്ച സംഭവവും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വാഹനങ്ങളുടെ ബാഹുല്യവും വീതി കുറഞ്ഞ റോഡും ശരിയായ ഫുട്പാത്തുകളുടെ അഭാവവും റോഡിലെ അനധികൃത പാർക്കിംഗുമാണ് ഇത്തരം അപകടങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിൻ്റെ ഭാഗമായി ബന്ധപ്പെട്ട കെട്ടിട ഉടമകളുമായി പ്രാഥമിക ചർച്ചകളും സ്ഥലപരിശോധനയും ഇതിനകം നടത്തി.
കാസർകോട് നഗരസഭ ചെയർപേഴ്സണ്‍ ഷാഹിന സലിം മുൻകൈയെടുത്ത് കാസർകോട് എംഎല്‍എ കല്ലട്ര മാഹിൻ്റെ നേതൃത്വത്തില്‍ നഗരസഭയില്‍ ചേർന്ന യോഗത്തില്‍ വൈസ് ചെയർമാൻ കെ എം ഹനീഫ്, കെട്ടിട ഉടമകളെ പ്രതിനിധീകരിച്ച് അബ്‌ദുല്‍ കരീം കോളിയാട് (സിറ്റി ഗോള്‍ഡ്), യുകെ യൂസഫ് തുടങ്ങിയവർ പങ്കെടുത്തു. യോഗത്തില്‍, നിലവില്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ ഉടമകളുടെ സ്വന്തം ഭൂമിയാണെന്നും യാതൊരു തരത്തിലുള്ള കയ്യേറ്റവും നടത്തിയിട്ടില്ലെന്നും കെട്ടിട ഉടമകള്‍ വ്യക്തമാക്കി.
എംജി റോഡ് നവീകരണ പദ്ധതി
നഗരത്തിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി റോഡിന് ആവശ്യമായ വീതി വർധിപ്പിക്കുന്നതിന് കെട്ടിടങ്ങള്‍ക്ക് മുന്നിലുള്ള സ്ഥലം സ്വമേധയാ വിട്ടുനല്‍കണമെന്ന് യോഗം ഉടമകളോട് അഭ്യർഥിച്ചു.
ഇതിന് കെട്ടിട ഉടമകളുടെ ഭാഗത്തുനിന്നും വളരെ അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്. തുടർന്ന് നടന്ന സ്ഥലപരിശോധനയില്‍ എംഎല്‍എ, നഗരസഭ ചെയർപേഴ്സണ്‍, വൈസ് ചെയർമാൻ, കെട്ടിട ഉടമകള്‍ എന്നിവർ പങ്കെടുത്ത് ആവശ്യമായ സ്ഥല പരിശോധനയും നിർദേശങ്ങളും നല്‍കി.
കാസർകോട് നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിൻ്റെയും നേതൃത്വത്തില്‍ ദീർഘകാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഈ റോഡ് വികസനം. കെട്ടിട ഉടമകള്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍, ആധുനിക രീതിയില്‍ റോഡ് നവീകരിക്കുകയും ഡ്രെയിനേജ്, ഫുട്പാത്ത് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും എംഎല്‍എ കല്ലട്ര മാഹിൻ ഉറപ്പുനല്‍കി.
മന്ത്രിയുടെ പിന്തുണയും തുടർനടപടികളും
ഈ വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീറുമായി ഇതിനകം ചർച്ച നടത്തിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു. മന്ത്രി ഉടൻ കാസർകോട് സന്ദർശിച്ച് നിർദിഷ്ട പ്രദേശം നേരിട്ട് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തുടർനടപടിയായി സമീപ പ്രദേശങ്ങളിലെ മറ്റ് കെട്ടിട ഉടമകളെയും വിളിച്ചുചേർത്ത് ചർച്ച നടത്തി, ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ഒപ്പം ഫ്ലെയ് ഓഫർ നിർമാണം, റിംഗ് റോഡ് നിർമാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കും മറ്റ് റോഡ് വികസന പദ്ധതികളിലേക്കും കടക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നഗരത്തിൻ്റെ ഗതാഗത കുരുക്ക് പൂർണമായി ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. കാസർകോട് നഗരത്തിൻ്റെ ഗതാഗത വികസനത്തിനായി ജനപ്രതിനിധികളും നഗരസഭയും ബന്ധപ്പെട്ട കെട്ടിട ഉടമകളും ഒരുമിച്ച് മുന്നോട്ടുപോകുന്നതിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Steps have been initiated to resolve the severe traffic congestion on Kasaragod MG Road as building owners agree to surrender their land for road widening.
#KasargodVartha #KasaragodNews #MGRoad #TrafficIssue #RoadDevelopment #KeralaNews #AparnaNews
Also Read: കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്ക്: ഉടൻ വേണ്ടത് അടിയന്തര പരിഹാരവും ഒപ്പം ദീർഘകാല പദ്ധതികളും

