കാസർകോട്: (KasargodVartha) നഗരസഭയുടെ അഭിമാനമായ പുലിക്കുന്നിലെ സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയം ഉപയോഗശൂന്യമായി കിടക്കുന്നു.
കലാ-സാംസ്കാരിക പ്രവർത്തനങ്ങള്‍ അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് ഒരുക്കിയതാണിത്. 2002 ഒക്ടോബർ 31-ന് അന്നത്തെ മന്ത്രിയായിരുന്ന ജി കാർത്തികേയൻ തറക്കല്ലിട്ട ഓപ്പണ്‍ ഓഡിറ്റോറിയം 2005-ല്‍ പണി പൂർത്തീകരിച്ച ശേഷം അന്നത്തെ നഗരസഭ ചെയർമാനായിരുന്ന ടി ഇ അബ്ദുല്ലയാണ് പൊതുജനങ്ങള്‍ക്ക് കലാ-സാംസ്കാരിക പരിപാടികള്‍ നടത്താൻ തുറന്നുകൊടുത്തത്. വികസനശില്‍പിയും കലാ-കായിക പ്രവർത്തനങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കിയിരുന്ന ടി ഇ അബ്ദുല്ല മുൻകൈയെടുത്തായിരുന്നു സന്ധ്യാരാഗത്തിൻ്റെ പിറവി. ആദ്യകാലത്ത് നല്ല നിലയിലാണ് ഇവിടെ പരിപാടികള്‍ നടത്തിയിരുന്നത്.
സൗജന്യ സൗകര്യങ്ങളും പ്രതിസന്ധികളും
സമീപത്ത് നഗരസഭ കോണ്‍ഫറൻസ് ഹാള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് ഫീസുണ്ടെങ്കിലും സന്ധ്യാരാഗത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാൻ നഗരസഭ സൗജന്യമായാണ് നല്‍കിയിരുന്നത്. എന്നിട്ടും കാസർകോട്ടെ കലാ സംഘടനകള്‍ മുന്നോട്ടുവന്ന് ഇത് പ്രയോജനപ്പെടുത്തിയില്ല. സ്റ്റേജിൻ്റെ പിന്നാമ്പുറങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് 300-ലധികം പേർക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കുകയും ഓപ്പണ്‍ തിയറ്ററിലേക്ക് കോണിപ്പടികളും കൈവരികളും മനോഹരമായി സ്ഥാപിക്കുകയും ചെയ്തിരുന്നു. കലാപരിപാടികള്‍ നടക്കാതായതോടെ സ്ഥലം കാടുകളും വള്ളിപ്പടർപ്പുകളും കയറി നശിക്കാൻ തുടങ്ങി. നഗരസഭ മുൻകൈയെടുത്ത് ജോലിക്കാരെ നിർത്തി ഇടയ്ക്കിടെ ഇത് വൃത്തിയാക്കി വരുന്നുണ്ട്.
വഴികളും മേല്‍ക്കൂരയും ഒരുക്കിയിട്ടും ഫലമില്ല
കലാപരിപാടികള്‍ നടക്കുമ്പോള്‍ കസേരകളും മൈക്കുകളും മറ്റ് അനുബന്ധ സാധനങ്ങളും സ്റ്റേജിനടുത്ത് എത്തിക്കാൻ വാഹനങ്ങള്‍ക്ക് സൗകര്യമില്ലെന്നുള്ള പരാതിയെ തുടർന്ന്, വാഹനങ്ങള്‍ സ്റ്റേജ് വരെ എത്തിക്കാൻ ചെറിയ വഴികളും ടി ഇ അബ്ദുല്ല മുൻകൈയെടുത്ത് നിർമിച്ചു നല്‍കിയിരുന്നു. എന്നിട്ടും കലാ സംഘടനകള്‍ ഉണർന്നു പ്രവർത്തിച്ചില്ല. ഇതിനുപുറമെ, മുൻഭാഗത്ത് മഴയും മഞ്ഞും ഏല്‍ക്കാതിരിക്കാൻ ആധുനിക രീതിയില്‍ അടുത്ത കാലത്ത് മേല്‍ക്കൂരയും നിർമിച്ചിട്ടുണ്ട്.
സന്ധ്യാരാഗത്തില്‍ സായാനങ്ങളില്‍ പാട്ടു കേള്‍ക്കാനും കലാ സംഘടനകളെ അണിനിരത്തി സംഗീതമുള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താനുമുള്ള ആവശ്യവുമായി കഴിഞ്ഞ ഭരണസമിതിക്ക് ചില സംഘടനകള്‍ നിവേദനം നല്‍കിയിരുന്നെങ്കിലും അതൊന്നും ഇതുവരെ പ്രാവർത്തികമായിട്ടില്ല. നിലവില്‍ ഈ സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയം പുതിയ ഭരണസമിതി സജീവമാക്കാൻ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കലാപ്രേമികള്‍.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Sandhyaragam Open Auditorium in Pulikunnu, Kasaragod, built to promote cultural activities and inaugurated in 2005, is now lying neglected and overgrown with weeds due to lack of use by local arts organizations, despite the municipality providing free access and modern facilities.
#KasargodVartha #KasaragodNews #SandhyaragamAuditorium #Pulikunnu #CulturalEventsKerala #LocalNews #MalayalamNews #KasaragodMunicipality #AparnaNews

