Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കടക വാവ് ബലിതര്‍പ്പണം ഓഗസ്റ്റ് 12-ന്; വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഓണ്‍ലൈനായി ബുക്ക് ചെയ്യാം

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കടക വാവ് ബലിതര്‍പ്പണം ഓഗസ്റ്റ് 12-ന്; വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഓണ്‍ലൈനായി ബുക്ക് ചെയ്യാം

കാസർകോട്: (KasargodVartha) ദക്ഷിണകാശി എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധവും പുണ്യപുരാതനവുമായ തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഈ വർഷത്തെ കർക്കടക വാവ് ദിവസത്തില്‍ ബലിതർപ്പണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ക്ഷേത്രഭരണ സമിതി ഏർപ്പെടുത്തി.

ബുധനാഴ്‌ച (ഓഗസ്റ്റ് 12) രാവിലെ ഉഷപ്പൂജയ്ക്ക് ശേഷം 5.30 മണി മുതല്‍ ബലിതർപ്പണ ചടങ്ങുകള്‍ ആരംഭിക്കും.

20 കർമികള്‍; ഓണ്‍ലൈൻ ബുക്കിങ് സൗകര്യം

ക്ഷേത്ര മേല്‍ശാന്തി ബ്രഹ്മശ്രീ നവീൻചന്ദ്ര കായർത്തായയുടെ നേതൃത്വത്തില്‍ ക്ഷേത്ര പുരോഹിതൻ രാജേന്ദ്ര അരളിത്തായയുടെ കാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഒരേ സമയത്ത് ഇരുപതോളം കർമികളുടെ നേതൃത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഭക്തജനങ്ങളുടെ തിരക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ബലിതർപ്പണത്തിനുള്ള രശീതികള്‍ മുൻകൂറായി നല്‍കുന്നതിന് പുറമെ, ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www(dot)trikkannadtemple(dot)in വഴിയും ഓണ്‍ലൈനായി രശീതികള്‍ ബുക്ക് ചെയ്യാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

അന്നേ ദിവസം രാവിലെ അഞ്ച് മണി മുതല്‍ എട്ട് വഴിപാട് കൗണ്ടറുകള്‍ പ്രവർത്തിക്കും. ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പൊലീസ്, കോസ്റ്റ് ഗാർഡ് സുരക്ഷയും കെഎസ്‌ആർടിസി സർവീസും

ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പൊലീസ്, കോസ്റ്റ് ഗാർഡ്, ഹെല്‍ത്ത് എന്നീ വിഭാഗങ്ങളുടെ സേവനവും സദാസമയവും ഉണ്ടായിരിക്കും. യാത്രാക്ലേശം പരിഹരിക്കുന്നതിനായി കാസർകോട് - കാഞ്ഞങ്ങാട് റൂട്ടില്‍ (ചന്ദ്രഗിരിപ്പാലം വഴി) നിലവിലുള്ള സർവീസിന് പുറമെ കൂടുതല്‍ ബസ് സർവീസുകള്‍ നടത്തുന്നതിന് കെ.എസ്.ആർ.ടി.സി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ക്ഷേത്ര ആഘോഷകമ്മിറ്റി, മാതൃസമിതി, ഭജനസമിതി എന്നിവരുടെ സേവനവും ഭക്തജനങ്ങള്‍ക്കായി ലഭ്യമായിരിക്കും.

കടല്‍ത്തീരത്ത് അതീവ ജാഗ്രതാ നിർദേശം

കാലവർഷം രൂക്ഷമായ സാഹചര്യത്തില്‍ കടല്‍ക്ഷോഭമുള്ളതിനാല്‍ ഭക്തജനങ്ങള്‍ കടല്‍ത്തീരത്ത് പോകുന്നതിന് അതീവ ജാഗ്രത പാലിക്കണമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.

വാർത്താസമ്മേളനത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ടി.സി. കൃഷ്‌ണവർമ രാജ, ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ വള്ളിയോടൻ ബാലകൃഷ്‌ണൻ നായർ, പാരമ്പര്യ ട്രസ്റ്റി അംഗങ്ങളായ മേലത്ത് സത്യനാഥൻ നമ്പ്യാർ, ഇടയില്ല്യം ശ്രീവത്സൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങള്‍ളും അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Extensive arrangements have been made for the Karkidaka Vavu Bali at the historic Trikkannad Trayambakeshwara Temple in Kasaragod on Wednesday, August 12, 2026.

#TrikkannadTemple #KarkidakaVavu #VavuBali2026 #KasaragodNews #KeralaTemples #DakshinaKashi #KSRTC #KeralaNews #MalayalamNews #AparnaNews

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kasargodvartha