Saturday, 28 Mar, 8.00 am കൗമുദി പ്ലസ്

ഹോം
ഭക്ഷണമെത്തിക്കാന്‍ കമ്മ്യൂണിറ്റി കിച്ചണുമായി നഗരസഭ

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കേണ്ട അവസ്ഥയുണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവം. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ തൈക്കാട് ഗവ. മോഡല്‍ എല്‍.പി സ്‌കൂളില്‍ നഗരത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി കിച്ചണ്‍ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇത് കൂടാതെ ഉള്ളൂരിലെ ഇ.കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിലും പരുത്തിപ്പാറയിലുമാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിന്റെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ പരമാവധി ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ. മോഡല്‍ എല്‍.പി സ്‌കൂളില്‍ തിരുവനന്തപുരം നഗരസഭയുടെയും നഗരസഭാ ജീവനക്കാരുടെ സംഘടനയായ കെ.എം.സി.എസ്.യുവിന്റെയും നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. നഗരസഭാ ജീവനക്കാരായ നിരവധി വോളന്റിയര്‍മാരും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. മോഡല്‍ സ്‌കൂളിലെ അദ്ധ്യാപക സംഘടനയായ കെ.എസ് .ജി.എയുടെ പൂര്‍ണ പിന്തുണയും പദ്ധതിക്ക് ലഭിക്കുന്നുണ്ട്.

ഒറ്റയ്ക്ക് കഴിയുന്നവര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത വയോജനങ്ങള്‍ക്കും കോര്‍പ്പറേഷനില്‍ വിവരമറിയിക്കാം. വീടും സ്ഥലവും അനുബന്ധ വിവരങ്ങളും നല്‍കിയാല്‍ ഭക്ഷണം വീട്ടിലെത്തും- കെ.എം.സി.എസ്.യു ജനറല്‍ സെക്രട്ടറി പി.സുരേഷ് കലാകൗമുദിയോട് പറഞ്ഞു. സ്മാര്‍ട് ട്രിവാന്‍ഡ്രം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ, 9496434448, 9496434449, 9496434450 എന്നീ നമ്ബറുകളില്‍ വിളിച്ചോ ഭക്ഷണത്തിന് ആവശ്യപ്പെടുന്ന ആളുകളുടെ വിവരം നഗരസഭ ലിസ്റ്റ് ചെയ്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറുന്നു. ആവശ്യക്കാരുടെ വിവരങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലും തയാറാക്കും. പട്ടിക പ്രകാരം ഏത് പ്രദേശത്താണോ ആഹാരം എത്തിക്കേണ്ടത് അവിടെയുള്ള ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസുമായി ബന്ധപ്പെട്ട് വോളന്റിയര്‍ സംവിധാനത്തിന്റെ സഹായത്തോടുകൂടി ആഹാരം കൃത്യമായി വീടുകളിലേക്കെത്തിക്കും.

സ്വാദിഷ്ടമായ പ്രാതലും, പോഷക സമൃദ്ധമായ ഉച്ചയൂണും

ആവശ്യക്കാര്‍ ദിനംപ്രതി വര്‍ദ്ധിക്കുമ്ബോഴും ആഹാരത്തിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെയാണ് തയാറാക്കുന്നത്. സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ വിഭവങ്ങളാണ് ഇവിടുത്തെ കമ്മ്യൂണിറ്റി കിച്ചണില്‍ ഒരുക്കുന്നത്. രാവിലെ ഉപ്പുമാവും പഴവും/ ചപ്പാത്തി വെജിറ്റബിള്‍ കറി, ഉച്ചയ്ക്ക് തോരന്‍, അച്ചാര്‍, രസം, ചോറ് /അവിയല്‍, പരിപ്പ് കറി, അച്ചാര്‍ ചോറ് , വൈകിട്ട് ചപ്പാത്തി (നാലെണ്ണം വീതം), കടലക്കറി, പഴം. ഓരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങളാണ് ഇവിടെ ആവശ്യക്കാര്‍ക്കായി ഒരുക്കുന്നത്, രാവിലെയും, ഉച്ചയ്ക്കും 300 പേര്‍ക്കും, വൈകിട്ട് 500 പേര്‍ക്കുമാണ് ഭക്ഷണം തയ്യാറാക്കുന്നത്. ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച്‌ ഇത് വര്‍ദ്ധിക്കും. നിരവധി സന്നദ്ധ സംഘടനകളാണ് അരിയും പച്ചക്കറികളും, ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന നല്‍കുന്നത്. ഇത്തരത്തില്‍ നിരവധി ആളുകള്‍ സഹായം ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വരുന്നത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്ന് പി.സുരേഷ് പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വളരെ ശുചിത്വമുളള അന്തരീക്ഷത്തിലാണ് ഇവിടെ ആഹാരം പാകം ചെയ്യുന്നത്.

ഭക്ഷണവിതരണം മുന്‍കരുതലോടെ

കര്‍ശന നിയന്ത്രണങ്ങളും, നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനം. സാനിറ്റൈസറും മാസ്‌ക്കും അടക്കമുള്ള മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ ഭക്ഷണം പാകം ചെയ്യാന്‍ ഒരു സംഘം, ഇവരെ സഹായിക്കാന്‍ ഒരു സംഘം, തയ്യാറാക്കിയ ഭക്ഷണം വിതരണത്തിന് യോഗ്യമാക്കാന്‍ ഒരു സംഘം, സാധനങ്ങള്‍ വാങ്ങാന്‍ ഒരു സംഘം എന്നിങ്ങനെ ചെറു ടീമുകള്‍ തിരിച്ചാണ് പ്രവര്‍ത്തനം. നിരവധി ആളുകളാണ് കമ്മ്യൂണിറ്റി കിച്ചണില്‍ വോളന്റിയറായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധ അറിയിച്ചുകൊണ്ട് മുന്നോട്ട് വരുന്നത്. എന്നാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി ഇവരെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വളരെ സുഗമമായാണ് മോഡല്‍ എല്‍.പി സ്‌കൂളില്‍ കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഓരോ സംഘമാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക. നടത്തിപ്പ് സംബന്ധിച്ച ആശങ്കളെയെല്ലാം കാറ്റില്‍ പറത്തിയാണ് എല്ലായിടത്തും കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top