Tuesday, 24 Mar, 8.00 am കൗമുദി പ്ലസ്

ഹോം
പൊതുജനാരോഗ്യ നിയമം ഇപ്പോഴും ഫ്രീസറില്‍

തിരുവനന്തപുരം: പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാനുതകുന്ന കേരള പൊതുജനാരോഗ്യ നിയമം ഇപ്പോഴും ഫ്രീസറില്‍. 2009ല്‍ തയ്യാറാക്കിയ പബ്ലിക് ഹെല്‍ത്ത് ആക്ടിന്റെ കരട് ബില്ല് പതിനൊന്നു വര്‍ഷം കഴിഞ്ഞിട്ടും നിയമമാക്കാന്‍ സര്‍ക്കാരിനായില്ല. 2018ല്‍ സമഗ്രആരോഗ്യ നയത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് പൊതുജനാഭിപ്രായം തേടിയ ശേഷം നിയമസഭയില്‍ കൊണ്ടുവരുമെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ബില്ലിനെ കുറിച്ച്‌ ആരോഗ്യവകുപ്പിന് മിണ്ടാട്ടമില്ല. അടിയന്തിര പ്രാധാന്യത്തോടെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ബില്ലടക്കം പാസാക്കിയെടുത്ത സര്‍ക്കാര്‍ പൊതുജനാരോഗ്യ നിയമം നിയമസഭയില്‍ കൊണ്ടുവരാന്‍ മടിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.

ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്ന് ഡോക്ടര്‍മാരുടെ എതിര്‍പ്പാണ്. നിലവില്‍ സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ പിടിയിലാണ്. വൈറല്‍പനി, ഡെങ്കിപനി, ചിക്കന്‍ഗുനിയ, എച്ച്‌ വണ്‍ എന്‍ വണ്‍, എലിപനി, തക്കാളിപനി, കുരങ്ങുപനി, മലമ്ബനി, സ്‌ക്രബ് ടൈഫസ്, പക്ഷിപനി, നിപ്പ, കോവിഡ് 19 തുടങ്ങി നിരവധി പകര്‍ച്ചവ്യാധികളാണ് പടര്‍ന്നു പിടിക്കുന്നത്. പൊതുജനാരോഗ്യ രംഗത്ത് ഏറെ വെല്ലുവിളി ഉയരുന്ന സാഹചര്യത്തില്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 1955ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടും, 1939ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടും നിലവിലുണ്ട്. എന്നാല്‍, ഈ നിയമങ്ങളിലെ മിക്ക വ്യവസ്ഥകളും കാലഹരണപ്പെട്ടതാണ്.

രണ്ട് നിയമങ്ങളിലെയും കാലഹരണപ്പെട്ട വ്യവസ്ഥകള്‍ ഒഴിവാക്കി പുതിയ നിയമത്തിന്റെ കരടാണ് തയ്യാറാക്കിയത്. ഡോ. ബി. ഇക്ബാല്‍ അധ്യക്ഷനായ ആരോഗ്യനയ രൂപീകരണ കമ്മിറ്റിയാണ് കരട് തയ്യാറാക്കിയത്. മെഡിക്കല്‍ ഓഡിറ്റിംഗ് സംവിധാനം അടക്കമുള്ള നടപടികള്‍ കരട് ആരോഗ്യനയത്തിലുണ്ട്. ആരോഗ്യം അവകാശമാക്കുന്നതിനൊപ്പം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള നടപടികളും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. പകര്‍ച്ചവ്യാധിക്ക് കാരണക്കാര്‍ ആകുന്നവരില്‍ നിന്ന് ഉയര്‍ന്ന പിഴ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഏകീകൃത പൊതുജനാരോഗ്യ നിയമം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനായി പൊതുജനാരോഗ്യ ബോര്‍ഡും സംസ്ഥാന-ജില്ലാ പൊതുജനാരോഗ്യ കമ്മിറ്റികളും രൂപവത്കരിക്കാനും വ്യവസ്ഥ ചെയ്യുന്നു.

പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം, പ്രാഥമികതലത്തില്‍ തന്നെ ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണം, കാര്യക്ഷമമായ ആരോഗ്യപരിപാലന സംവിധാനങ്ങള്‍, പ്രാഥമിക ചികിത്സാ സ്ഥാപനങ്ങളുടെ എണ്ണവും നിലവാരവും വര്‍ദ്ധിപ്പിക്കല്‍, ദ്വിതീയതലത്തില്‍ രോഗ സങ്കീര്‍ണതകളുടെ നിയന്ത്രണം, ദ്വിതീയ തൃതീയ തല ചികിത്സാ സൗകര്യങ്ങളുടെ ആധുനികവത്കരണം, ത്രിതല റഫറല്‍ സമ്ബ്രദായം നടപ്പാക്കല്‍, ചികിത്സാരംഗത്ത് ആവശ്യമായ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാഴ്ചപ്പാടോടെ ദീര്‍ഘകാല ലക്ഷ്യങ്ങളും ഹ്രസ്വകാല ലക്ഷ്യങ്ങളും മുന്നോട്ടു വെച്ചുകൊണ്ട് കേരളത്തിന്റെ ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥയ ചെയ്യുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kaumudi Plus
Top