Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആ കാരണം കൊണ്ട് തന്നെ സിനിമയില്‍ ഉറച്ചു നില്‍ക്കാൻ തീരുമാനിച്ചു;   നിലപാട് വ്യക്തമാക്കി  സൈജു കുറുപ്പ്

ആ കാരണം കൊണ്ട് തന്നെ സിനിമയില്‍ ഉറച്ചു നില്‍ക്കാൻ തീരുമാനിച്ചു; നിലപാട് വ്യക്തമാക്കി സൈജു കുറുപ്പ്

ജോലി ഉപേക്ഷിച്ച്‌ അഭിനയരംഗത്തേക്ക് വന്ന ഒരുപാട് സിനിമാ താരങ്ങള്‍ ഇന്ന് മലയാളം സിനിമാ മേഖലയിലുണ്ട്. യുവ നടന്മാരുടെ നിരയില്‍ സൈജു കുറുപ്പും ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന നടനാണ്.

നിരവധി സഹനടൻ വേഷങ്ങളിലൂടെയാണ് സൈജു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായത്. പ്രമുഖ സംവിധായകൻ ഹരിഹരൻ രചനയും സംവിധാനവും നിർവ്വഹിച്ച 'മയൂഖം' എന്ന ചിത്രത്തിലൂടെ നായകനായാണ് കരിയർ ആരംഭിക്കുന്നത്. സാറ്റ്‌ലൈറ്റ് ചാനലുകളില്‍ വന്നപ്പോള്‍ ആളുകള്‍ സിനിമയെ ഒരുപാട് പ്രശംസിച്ചെങ്കിലും തിയേറ്ററുകളില്‍ ചിത്രം വിജയിച്ചിരുന്നില്ല.

സൈജു ആദ്യമായി നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ 'ഭരതനാട്യം'. ചിത്രം ഒടിടിയില്‍ വലിയ ചർച്ചയായെങ്കിലും തിയേറ്ററുകളില്‍ വേണ്ടത്ര വിജയം നേടിയില്ല. എന്നാല്‍ രണ്ട് വർഷങ്ങള്‍ക്കിപ്പുറം 2026ല്‍ പുറത്തിറങ്ങിയ അതിന്റെ രണ്ടാം ഭാഗം 'ഭരതനാട്യം 2: മോഹിനിയാട്ടം' തിയേറ്ററുകളില്‍ വൻ ഹിറ്റായി മാറുകയായിരുന്നു. ഈ വിജയം സിനിമയിലുള്ള തന്റെ വിശ്വാസത്തെ കൂടുതല്‍ ദൃഢമാക്കിയെന്ന് സൈജു കുറുപ്പ് പറയുന്നു. കരിയറിലെ തന്റെ വിജയ പരാജയങ്ങളെക്കുറിച്ച്‌ ഒരു ദേശീയ മാദ്ധ്യമത്തിന് നടൻ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

എയർടെല്‍ കമ്പനിയിലെ സെയില്‍സ് ജോലിയില്‍ നിന്നാണ് താൻ മലയാള സിനിമയില്‍ തന്റെ 20 വർഷം നീണ്ട കരിയർ ആരംഭിക്കുന്നത്. തുടക്കകാലത്തെ എട്ടു വർഷം കഠിനമായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ജീവിതത്തില്‍ തനിക്ക് ലഭിച്ച വലിയൊരു പാഠമാണെന്ന് അദ്ദേഹം ഓർക്കുന്നു. എന്നാല്‍ ഈ പ്രതിസന്ധികളൊന്നും തന്നെ തളർത്തിയില്ലെന്നാണ് താരം പറയുന്നത്.

'എന്റെ കരിയറില്‍ പലപ്പോഴും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. പല അഭിനേതാക്കളും ഇത് നേരിടാറുണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നാല്‍ എന്നെ മുന്നോട്ട് നയിച്ചത് ഒരൊറ്റ ചിന്തയായിരുന്നു; സിനിമ നടന്നില്ലെങ്കില്‍ എനിക്ക് വീണ്ടും പഴയ കോർപ്പറേറ്റ് സെയില്‍സ് ജോലിയിലേക്ക് തന്നെ മടങ്ങേണ്ടി വരും. അത് എന്നില്‍ കൂടുതല്‍ സമ്മർദ്ദം ചെലുത്തി. അതുകൊണ്ട് ഞാൻ സിനിമയില്‍ തന്നെ ഉറച്ചുനില്‍ക്കാൻ തീരുമാനിച്ചു. പതുക്കെ പതുക്കെ സിനിമ എന്റെ ആവേശമായി മാറി. ഈ മേഖലയില്‍ തുടരാനുള്ള എന്റെ ആത്മവിശ്വാസമാണ് എനിക്ക് മുന്നില്‍ പുതിയ വഴികള്‍ തുറന്നുതന്നത്,'- സൈജു കുറുപ്പ് പറയുന്നു.

സിനിമ സംവിധാനം ചെയ്യാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന്, താൻ ഒരിക്കലും ഒരു സിനിമ സംവിധാനം ചെയ്യില്ല, കാരണം അതിനുള്ള ക്ഷമയോ പ്രാപ്തിയോ തനിക്കുണ്ടെന്ന് കരുതുന്നില്ലെന്നും ഒരു നടനായി തുടരാനാണ് ഇഷ്ടമെന്നും താരം പറഞ്ഞു. അഭിനയത്തോടൊപ്പം വല്ലപ്പോഴും സിനിമകള്‍ നിർമ്മിക്കുകയും ചെയ്യുമെന്ന് സൈജു കുറുപ്പ് അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi