Wednesday, 16 Jun, 11.02 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ആ കുട്ടിയെ ട്രോളണ്ട,​ ബിജെപി പ്രവര്‍ത്തകരുടെ ഉള്ളില്‍ അടക്കിപ്പിടിച്ച പ്രതിഷേധമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചതെന്ന് തോമസ് ഐസക്

തിരുവനന്തപുരം:വനംകൊള്ള‌യ്ക്കെതിരെ ആറ്റിങ്ങലില്‍ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അമളിയെ പരിഹസിച്ച്‌ മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വനംകൊള്ളക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച സമരത്തില്‍ പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ഡി.വൈ.എഫ്‌.ഐ തയ്യാറാക്കിയ പോസ്റ്റര്‍ പിടിച്ച്‌ പ്രവര്‍ത്തക പങ്കെടുത്തതിനെക്കുറിച്ചാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

ആറ്റിങ്ങല്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ബി.ജെ.പി സംഘടിപ്പിച്ച സമരത്തില്‍ കൊവിഡ് മാനദണ്ഡം പാലിച്ച്‌ വനിതാ പ്രവര്‍ത്തകരടക്കം പത്തോളം പേരാണ് പങ്കെടുത്തത്. ഇതില്‍ ഒരു പ്രവര്‍ത്തക പിടിച്ച പ്ലക്കാര്‍ഡില്‍ പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക, ഡി.വൈ.എഫ്‌.ഐ എന്നാണ് ഉണ്ടായിരുന്നത്. മറ്റ് പ്രവര്‍ത്തകര്‍ അബദ്ധം ശ്രദ്ധയില്‍പ്പെടുത്തിയതോടെ വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുക എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തുകയായിരുന്നു,​.

ഡി.വൈ.എഫ്‌.ഐയുടെ ഒരു പ്ലക്കാര്‍ഡ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് ഉറപ്പാണെന്നും പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല. പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും തോമസ് ഐസക് കുറിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ...

ആറ്റിങ്ങലില്‍ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയില്‍ ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാന്‍ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്‌ഐയുടെ ഒരു പ്ലക്കാര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെയാണ് പ്ലക്കാര്‍ഡ്. ഈ പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.

ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല. പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.

ഇത് അല്ലെങ്കില്‍ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top