പ്രാദേശികം
അടിപ്പാത നിര്‍മ്മാണം മെല്ലപ്പോക്ക്: നാടിന്റെ വികസനത്തിനായി ജനങ്ങള്‍ ഒന്നിക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

ചാലക്കുടി: ജനാധിപത്യത്തിനു മേല്‍ ഉദ്യോഗസ്ഥ ആധിപത്യമുണ്ടായാല്‍ നാടിന്റെ പുരോഗതിയെ ഗുരുതരമായി ബാധിക്കുമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ദേശീയപാത ചാലക്കുടി അടിപ്പാത നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മെല്ലെപോക്ക് ഉദ്യോസ്ഥരുടെ അനാസ്ഥയുടെ ഫലമാണ്. കൊവിഡ് പശ്ചാത്താലത്തിലാണ് ജനങ്ങള്‍ പ്രതിഷേധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അടിപ്പാത നിര്‍മ്മാണം എന്ന് തീരുമെന്ന് പറയാനാകില്ലെന്നും ഇതിനെതിരെ ജനങ്ങളുടെ കൂട്ടായ്മ ശക്തമാകണമെന്നും കെമാല്‍ പാഷ പറഞ്ഞു. യോഗത്തില്‍ നഗരസഭാ ചെയര്മാന് വി.ഒ. പൈലപ്പന് അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ലോജു, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഷിബു വാലപ്പന്, ഫാ. വര്‍ഗീസ് പാത്താടന്‍, ടൗണ്‍ ഇമാം ഹുസൈന് ബാഖവി, എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണന്, കെ.വി. പോള്‍, വത്സന് ചമ്ബക്കര, ജോബി മേലേടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.