Tuesday, 04 Aug, 7.24 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
'അമേരിക്ക മികച്ച നിലയിലാണ്, മറ്റ് രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രശ്നങ്ങളുള്ളത്': ഇന്ത്യയെ ഇടിച്ചുതാഴ്ത്തിയുള്ള ട്രംപിന്റെ 'പി.ആര്‍ വര്‍ക്ക്' തുടരുന്നു

വാഷിംഗ്‌ടണ്‍: കൊവിഡിന്റെ വിഷയം പറഞ്ഞുകൊണ്ട് ഇന്ത്യയെ വീണ്ടും ഇടിച്ചുതാഴ്ത്തി പ്രസ്താവന നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്ക 'വളരെ മികച്ച' രീതിയിലാണ് മുന്നേറുന്നതെന്നും ഇക്കാര്യത്തില്‍ ഇന്ത്യയാണ് 'വലിയ പ്രശ്നങ്ങള്‍' നേരിടുന്നതെന്നുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ വാക്കുകള്‍.

കൂട്ടത്തില്‍ ചൈനയിലെ കൊവിഡ് സാഹചര്യത്തിലേക്കും ട്രംപ് ശ്രദ്ധ ക്ഷണിച്ചു. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് വിവരം.

'നമ്മള്‍ നല്ല നിലയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് ഞാന്‍ കരുതുന്നത്. മറ്റേത് രാജ്യത്തെക്കാളും നല്ല രീതിയിലാണ് നമ്മള്‍ മുന്നേറുന്നത്. നിങ്ങള്‍ മറക്കരുത്. നമ്മള്‍ ഇന്ത്യയെയും ചൈനയെയുംകാള്‍ വലിയ നിലയിലാണ്. ചൈനയില്‍ കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ കൂടിക്കൊണ്ടിരിക്കുകയാണ്.' ട്രംപ് പറയുന്നു.

ഇന്ത്യയും ഇപ്പോള്‍ വലിയ പ്രശ്നങ്ങള്‍ നേരിടുകയാണെന്ന് പറഞ്ഞ അദ്ദേഹം, മറ്റ് രാജ്യങ്ങളുടെ കാര്യം ഞാന്‍ ശ്രദ്ധിക്കാറില്ലെന്നും എന്നാല്‍ വാര്‍ത്തകള്‍ അനുസരിച്ച്‌ കൊവിഡില്‍ നിന്നും രക്ഷ നേടിയെന്ന് കരുതിയ രാജ്യങ്ങളും ഇപ്പോള്‍ രോഗത്തിലേക്ക് തിരിച്ചുപോകുകയാണെന്ന് കൂടി കൂട്ടിച്ചേര്‍ത്തു.

നേരത്തെയും കൊവിഡ് പരിശോധനകള്‍ നടത്തുന്ന കാര്യത്തില്‍ ട്രംപ് ഇന്ത്യയെ ഇകഴ്ത്തികൊണ്ട് പ്രസംഗിച്ചിരുന്നു. ഇന്ത്യയില്‍ കൊവിഡ് ടെസ്റ്റുകള്‍ 11 ലക്ഷത്തില്‍ ചുരുങ്ങുമ്ബോള്‍ അമേരിക്ക 60 ലക്ഷം ടെസ്റ്റുകളാണ് നടത്തിയതെന്നായിരുന്നു ട്രംപിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന.

വൈറ്റ് ഹൗസിന്റെ തീരുമാനപ്രകാരം തന്നെയാണ് ട്രംപ് ഇന്ത്യയെ മോശമാക്കി കാണിച്ചുകൊണ്ടുള്ള ഈ പ്രസ്താവന നടത്തിയെതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം കൊവിഡ് സാഹചര്യം ഏറ്റവും രൂക്ഷമായ രാജ്യമാണ് അമേരിക്ക. 47 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,55,000 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top