കേരളകൗമുദി

1.6M Followers

അമ്മച്ചിപ്ലാവില്‍ പോക്കുവെയില്‍ വീഴുമ്ബോള്‍; 'വെയില്‍കാഴ്ചകള്‍' ബുക്ക് റിവ്യൂ

13 Feb 2022.5:16 PM

കിഴക്കുനിന്നും പടിഞ്ഞാറോട്ടു അല്പം ചരിഞ്ഞുകിടക്കുന്ന കേരളക്കരയിലെ വ്യത്യസ്തപ്രദേശങ്ങളാണ് മലനാടും ഇടനാടും തീരപ്രദേശവും.


കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

വൈവിദ്ധ്യമാര്‍ന്ന ഈ ഭൂമികയിലെ ജനതയുടെ സ്വഭാവത്തിലെ സവിശേഷതകളും വേറിട്ടുനില്‍ക്കുന്നതാണെന്നാണ് സാമൂഹ്യശാസ്ത്രജ്ഞരുടെ നിരീക്ഷണം. അദ്ധ്വാനശേഷിയുടെ മൂര്‍ത്തിമദ്ഭാവങ്ങളാണ് മലയോരത്തെ കുടിയേറ്റക്കാരായ മലയാളികള്‍. കാടും മലയും കാട്ടുമൃഗങ്ങളും അവര്‍ക്കുമുന്നില്‍ കുമ്ബിട്ടുമാറിനിന്നു. കേരളത്തിന്റെ നാണ്യവിളകളുടെ ഭൂരിഭാഗവും ആ കര്‍മ്മോത്സുകരുടെ സംഭാവനയാണെന്നും നമുക്കറിയാം. തീരദേശത്താണെങ്കില്‍ നാടിനെ പട്ടിണിയില്‍ നിന്നകറ്റി നിര്‍ത്തിയതും സമുദ്രോല്പന്ന കയറ്റുമതിയിലൂടെ സമ്ബന്നമാക്കിയതും എല്ലുമുറിയെ പണി എടുക്കുന്നതും നിത്യജീവിതശൈലിയായി കരുതുന്ന നമ്മുടെ മത്സ്യത്തൊഴിലാളികളാണ്.

ഇടനാട്ടിലെ കേരളീയ ജനത മറ്റൊരു അദ്ഭുതപ്രതിഭാസമായി തുടരുന്നു. വിദ്യാഭ്യാസം പകര്‍ന്നുനല്‍കിയ അറിവും കര്‍മ്മശേഷിയും അവരെ കൊണ്ടെത്തിക്കാത്ത ഒരുപ്രദേശവും ഇന്നത്തെ ലോകഭൂപടത്തിലില്ല. ജന്മനാടിന്റെ സമ്ബദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതും സ്വന്തം തൊഴില്‍ മേഖലകളില്‍ സേവനത്തിന്റെ മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്നതും കേരളത്തിലെ ഇടനാട്ടില്‍ ജനിച്ചെങ്കിലും പരദേശം കര്‍മ്മഭൂമിയായി തിരഞ്ഞെടുത്ത പ്രവാസിസമൂഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ തിളക്കമാര്‍ന്ന രേഖകളാണ്. മറ്റുചില രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെപ്പോലെ തീര്‍ത്തും തൊഴില്‍ രഹിതരോ, നിഷ്‌ക്കാസിതരോ നിരാലംബരായ അഭയാര്‍ത്ഥികളോ ആയിരുന്നില്ല ഈ പ്രവാസി മലയാളിസമൂഹം. ഒട്ടുമിക്കപേര്‍ക്കും സുഭിക്ഷമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ജന്മനാട്ടില്‍ ഉണ്ടായിരുന്നിട്ടും ഒരല്പം സാഹസബുദ്ധിയും അതിലുമുപരി കൂടുതല്‍ മികവു തേടിയുള്ള അന്വേഷണങ്ങളുടെ പരിസമാപ്തിയുമാണ് അവരെ നിത്യപ്രവാസികളാക്കി മാറ്റിയത്. എങ്കിലും ആധുനികലോകത്തെ അദ്ഭുതകരമായ പ്രതിഭാസമാണ് അകലങ്ങളില്‍ കുടിയേറി സ്ഥിരതാമസമാക്കിയ ഇക്കൂട്ടര്‍ക്ക് കേരളത്തിനോടുള്ള ഒടുങ്ങാത്ത അഭിനിവേശവും ആവേശവും.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചങ്ങമ്ബുഴ ഭാഷയില്‍
ഒന്നുമെനിക്കുവേണ്ടാമൃദു
ചിത്തത്തിലെന്നേക്കുറിച്ചു
ള്ളൊരോര്‍മ്മമാത്രം മതി....''
എന്നു മന്ത്രിക്കുന്ന ലക്ഷക്കണക്കിനു പ്രവാസി മലയാളികളുടെ പ്രതിനിധിയാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ കുന്നക്കോട്, ശ്രീ മാധവന്‍ ഭാസ്‌ക്കരന്‍ നായര്‍ എന്ന എം.ബി.എന്‍. ജീവിതത്തിലെ മദ്ധ്യാഹ്നം പിന്നിട്ട എം.ബി.എന്‍ പോക്കുവെയിലിന്റെ ചൂടും വെളിച്ചവും ആവാഹിച്ചെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് വെയില്‍കാഴ്ചകള്‍.

ദക്ഷിണ കേരളത്തിലെ നെയ്യാറ്റിന്‍കരയില്‍ ജനിച്ചുവളര്‍ന്ന ലേഖകന് തിരുവിതാംകൂറിന്റെ ശബളാഭമായ ചരിത്രപശ്ചാത്തലം ഉപബോധമനസ്സില്‍ ഉണ്ടാവണം. വേണാട്ടരചന്‍ മാര്‍ത്താണ്ഡവര്‍മ്മയും സ്വാതന്ത്ര്യസമര നായകന്‍ വേലുത്തമ്ബി ദളവയും ഗാന്ധിഗ്രാമത്തിന്റെ സ്ഥാപകന്‍ ജി. രാമചന്ദ്രനും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും താന്‍ പിറന്ന മണ്ണില്‍ അവശേഷിപ്പിച്ചിരുന്ന പാദമുദ്രകള്‍ കൗമാരകാലത്തുതന്നെ എം.ബി.എന്‍ തിരിച്ചറിഞ്ഞു. വിശാലമായ ലോകത്തേക്കു ജീവിതായോധനത്തിനിറങ്ങി തിരിച്ചപ്പോള്‍ ആ മഹദ് വ്യക്തികളുടെ ചരിത്ര സ്മരണ അടിക്കടി ഉള്ളില്‍ അലയടിക്കുന്നുണ്ടാവണം. പത്തൊമ്ബതാം വയസ്സില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായി കയറിയതുമുതല്‍ അമേരിക്കയില്‍ സ്വയം സംരംഭകനായി വളര്‍ന്ന് സ്വന്തം ഫൈനാന്‍സ് കമ്ബനി സ്ഥാപിക്കുകയും ഫൊക്കാനയുടെ പ്രസിഡന്റായി 2020 ല്‍ വിരമിക്കുകയും ചെയ്ത അരനൂറ്റാണ്ടുകാലത്തെ ജീവിത നിരീക്ഷണങ്ങളുടെ വിഹഗ വീക്ഷണമാണ് വെയില്‍ക്കാഴ്ചകള്‍.

കേരളത്തിന്റെ ആധുനിക സമ്ബദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പ്രവാസി സമൂഹത്തോട് ജന്മനാടിന്റെ അലംഭാവം എം.ബി. എന്നിനെ അസ്വസ്ഥനാക്കുന്ന ശിഥിലചിന്തകളാണ് ഒന്നാം അദ്ധ്യായം. കോവിഡ് മഹാമാരിക്കാലത്ത് അന്യനാടുകളില്‍ നിന്നും മടങ്ങി എത്തിയവര്‍ക്കുനേരെ ചിലരെങ്കിലും അനുവര്‍ത്തിച്ച തിരസ്‌കാര മനോഭാവം ഈ പ്രവാസി സാമൂഹ്യപ്രവര്‍ത്തകനെ അലോസരപ്പെടുത്തിയതില്‍ അത്ഭുതമില്ല. നെയ്യാറ്റിന്‍കരയിലെ മണ്ണിന്റെ ഊര്‍ജ്ജം വാക്കുകളിലൂടെ ഉതിര്‍ന്നുവീണതാകണം.
ഒരു പ്രഹേളികപോലെ ഇന്നും പിടിതരാതെ സര്‍വ്വരാഷ്ട്രങ്ങളെയും അമ്ബരിപ്പിച്ചു വഴുതിമാറുന്ന കോവിഡ് മഹാമാരി ലോകസമ്ബദ് വ്യവസ്ഥയെ തകിടം മറിക്കുന്ന കാഴ്ചയാണ് നമുക്കുചുറ്റും. ജനസംഖ്യാ നിയന്ത്രണത്തില്‍ കേരളം മുന്നിട്ടുനില്‍ക്കുന്നെങ്കിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ ഈ രംഗത്തെ പിന്നോക്കാവസ്ഥ നമ്മുടെ സുസ്ഥിര വികസനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന വസ്തുത ലേഖകന്‍ അപഗ്രഥിച്ചിട്ടുണ്ട്.

ജി 7 വിപുലീകരിച്ച്‌ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തി ജി 11 രൂപീകരിക്കാനുള്ള നിര്‍ദ്ദേശം സ്വാഗതം ചെയ്യുമ്ബോള്‍ എം.ബി.എന്‍ ധനകാര്യവിദഗ്ദ്ധന്റെ വിശകലനബുദ്ധി പ്രകടിപ്പിക്കുന്നു.പരിസ്ഥിതി സംരക്ഷണം, വിട്ടുമാറാത്ത മഹാമാരികള്‍, കേരളത്തിലെ വിമാനത്താവള വികസനത്തിനായി പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്, ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ ഉയിര്‍ത്തെഴുന്നേല്പ് തുടങ്ങി നിരവധി വിഷയങ്ങളില്‍ മിഴി ഇങ്ങും മനം അങ്ങുമായി ജീവിക്കുന്ന എം.ബി. എന്നിന്റെ മാതൃരാജ്യസ്‌നേഹവും വിശ്വമാനവികതയും നിറഞ്ഞുനില്‍ക്കുന്നു.
ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ തമ്മില്‍ തല്ലി തലകീറി ഇന്ത്യന്‍ ജനത തകര്‍ന്നടിയുന്നതു കാണാന്‍ കാത്തിരുന്നവരെ നിരാശപ്പെടുത്തി ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യ മതേതര, രാഷ്ട്രത്തിലെ ജുഡീഷ്യറിയുടെ വിധിയെ മാനിച്ച സുന്നിവഖഫ് ബോര്‍ഡിനെ ആദരപൂര്‍വ്വം അഭിനന്ദിക്കുന്ന ലേഖനം ആധുനിക ഇന്ത്യയുടെ പ്രകാശഗോപുരമായി തിളങ്ങി നില്‍ക്കുന്നു.

ഓരോ കാര്‍മേഘത്തിനും ചുറ്റും ഒരു രജതരേഖയുണ്ടായിരിക്കുമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രചനയാണ് 2021- പുതിയ ദശാബ്ദത്തിന്റെ തുടക്കം. ഒരര്‍ത്ഥത്തില്‍ എം.ബി. എന്നിലെ ശുഭാപ്തി വിശ്വാസിയുടെ ചിന്തകള്‍ ചാലിച്ചെടുത്തതാണ് ഈ ലേഖനം. 2021 സമാധാനത്തിന്റെയും സമസൃഷ്ടിസ്‌നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മൂലം സ്വഭവനങ്ങളിലേക്ക് മടങ്ങേണ്ടിവന്ന കുടുംബാംഗങ്ങള്‍ മനുഷ്യബന്ധങ്ങളിലെ ഇഴയടുപ്പം വര്‍ദ്ധിപ്പിച്ചതും ഗൃഹാങ്കണങ്ങളില്‍ പുനസ്സമാഗമം സൃഷ്ടിച്ച ധന്യമുഹൂര്‍ത്തങ്ങളും കോറിയിട്ട വരികളാണ് 2021 പുതിയ ദശാബ്ദത്തിന്റെ തുടക്കം എന്ന ഭാവനയുടെ ആധാരം.
ജന്മഭൂമിയായ ഇന്ത്യ വിട്ട് കര്‍മ്മഭൂമിയായ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ എല്ലാ രാഷ്ട്രത്തലവന്മാരുടെ വിദേശനയങ്ങളും ഇന്ത്യാ- അമേരിക്ക സൗഹൃദവും ജോബൈഡന്റെ ഭരണകാലത്ത് ഇന്ത്യയുമായുള്ള ബന്ധം സുദൃഢമായി തുടരുമെന്ന എം.ബി എന്റെ നിഗമനം അമേരിക്കയുടെ സന്മനസിനെ ആസ്പദമാക്കി മാത്രമല്ല, ലോകശാക്തികചേരിയിലേക്കുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെക്കൂടി അടിസ്ഥാനമാക്കിയാണ്.

ഇന്ത്യാ- ചൈനാ ബന്ധങ്ങളില്‍ നിതാന്തജാഗ്രത മാത്രമേ പോംവഴിയുള്ളുവെന്നും കാലഹരണപ്പെട്ട ആദര്‍ശമൂല്യങ്ങളും അന്ധമായ അയല്‍പക്ക സ്‌നേഹവും ആസ്ഥാനത്തായിരിക്കുമെന്നും ഈ മുന്‍കാല ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ താക്കീതു ചെയ്യുന്നു.
കോവിഡ് മഹാമാരി നിമിത്തം മരണമടയുന്നവരുടെ ശവമടക്ക് സെമിറ്റിക് മതാനുയായികള്‍ക്ക് ദുഷ്‌ക്കരമായതും കല്ലറകള്‍ക്കും സ്മാരകശിലകള്‍ക്കും സ്ഥലം തികയാതെ വരുന്നതും കേരളത്തില്‍ ഒരു ജീവിതയാഥാര്‍ത്ഥ്യമായി തീര്‍ന്നപ്പോള്‍ മൃതദേഹങ്ങള്‍ ഗ്യാസ് ക്രിമറ്റോറിയം നിര്‍മ്മിച്ചു ഭാരതീയ ആചാരപ്രകാരം ദഹിപ്പിക്കാന്‍ തൃശൂര്‍ രൂപത തീരുമാനമെടുത്തു. "തിങ്ക് ഗ്ലോബലി ബട്ട് ആക്റ്റ് ലോക്കലി'' എന്ന ആധുനികശൈലിയുടെ ഉദാത്തമാതൃകയായിരുന്നു വിപ്ലവാത്മകവും പുരോഗമനപരവുമായ ഈ നടപടി. ഒരു കേരളീയന്‍ എന്ന നിലയില്‍ ഈ ഉദ്യമത്തെ പ്രശംസിക്കാനും എം.ബി.എന്‍ മറന്നില്ല.

ആത്മകഥ പോലെ കോറിയിട്ട ചാരിതാര്‍ത്ഥ്യം നിറച്ച ഫൊക്കാനാ അനുഭവങ്ങള്‍, പതിനൊന്നു ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളിലൂടെ ഉരുത്തിരിയുന്ന അനുഭവജ്ഞാനത്തിന്റെ രൂപരേഖകള്‍ ഇവയൊക്കെ പരിശ്രമശാലിയും മാനവികതയുടെ വക്താവുമായ ഒരു നെയ്യാറ്റിന്‍കരക്കാരന്റെ ഗ്രാമ്യചാരുത വിളിച്ചോതുന്നു. നെയ്യാറ്റിന്‍കരയിലെ അമ്മച്ചിപ്ലാവിന്റെ പൊത്തില്‍ ശത്രുക്കളില്‍ നിന്നും ഒളിപ്പിച്ചു നിയതി രക്ഷിച്ച മാര്‍ത്താണ്ഡവര്‍മ്മയാണ് പില്‍ക്കാലത്ത് ഒരു നാടിന്റെ ഭാഗധേയം നിര്‍ണ്ണയിച്ചത്. മണ്ണും മരവും വസുധൈവ കുടുംബകമായി മനുഷ്യനോടു പുലര്‍ത്തുന്ന പാരസ്പര്യം എം.ബി.എന്‍. പകര്‍ന്നെടുത്തിട്ടുണ്ട്. വൈലോപ്പിള്ളിയുടെ വരികള്‍ മാര്‍ഗ്ഗരേഖയായി ഏറ്റെടുത്തിട്ടുമുണ്ട്.
`` ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസില്‍ ഉണ്ടാകട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും...''

അമ്മച്ചിപ്ലാവിനുചുറ്റും പോക്കുവെയില്‍ ആടയാഭരണങ്ങള്‍ അഴിച്ചുവച്ചു മടങ്ങുമ്ബോള്‍ ഗ്രാമത്തിന്റെ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും വെയില്‍ക്കാഴ്ചകളെ സമ്ബന്നമാക്കുന്ന ഈ ഗ്രന്ഥം വായനക്കാര്‍ക്കായി സന്തോഷപൂര്‍വ്വം സമര്‍പ്പിക്കുന്നു.

Dr. M.V. PILLAI,
M.D., F.A.C.P.
Dallas, Texas

Disclaimer

Disclaimer

This story is auto-aggregated by a computer program and has not been created or edited by Dailyhunt Publisher: Kerala Kaumudi

#Hashtags