Monday, 14 Oct, 1.36 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
അമ്മയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പില്‍ കുഴിച്ചുമൂടി; മകന്‍ അറസ്റ്റില്‍

കൊല്ലം: സ്വത്ത് തര്‍ക്കത്തിനിടെ മകന്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗര്‍ 68 പ്ലാമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി അമ്മയാണ് (84) കൊല്ലപ്പെട്ടത്. മകന്‍ സുനില്‍കുമാറിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. നാല്പതു ദിവസം മുമ്ബ് കുഴിച്ചിട്ട മൃതദേഹം പൊലീസ് ഇന്നലെ പുറത്തെടുത്തു.

മൃതദേഹം കുഴിച്ചിടാന്‍ സുഹൃത്തായ ആട്ടോ ഡ്രൈവര്‍ സഹായിച്ചെന്നാണ് മൊഴി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. 2015ല്‍ ഹോളോബ്രിക്സ് കമ്ബനി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതിയാണ് സുനില്‍കുമാര്‍.

സെപ്തംബര്‍ മൂന്നിന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. അമ്മയുമായി വഴക്കിട്ട മകന്‍ കൊല്ലം അപ്സര ജംഗ്ഷനിലുള്ള മൂന്നു സെന്റ് സ്ഥലം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. സ്ഥലം കിട്ടിയില്ലെങ്കില്‍ രണ്ടു ലക്ഷം രൂപ വേണമെന്നായി. വഴങ്ങാതിരുന്ന അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.

സാവിത്രി അമ്മ അബോധാവസ്ഥയില്‍ നിലത്ത് വീണതോടെ സുനില്‍കുമാര്‍ വീട് അടച്ച്‌ പുറത്തുപോയി. രാത്രി പത്ത് മണിയോടെ മടങ്ങിയെത്തിയപ്പോഴും അമ്മ ബോധരഹിതയായി കിടക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ പുള്ളിക്കട സ്വദേശിയായ സുഹൃത്തിനെ വിളിച്ചുവരുത്തി വീടിന് പിന്നില്‍ കുഴിച്ചിട്ടെന്നാണ് സുനില്‍കുമാറിന്റെ കുറ്റസമ്മതം. ഇന്നലെ സുനില്‍കുമാറുമായി പൊലീസ് സംഘം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. വീടിന് പിന്നില്‍ മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.

സുനിലിന്റെ നാടകം പൊലീസ് പൊളിച്ചു
സുനില്‍കുമാറിനൊപ്പം കഴിഞ്ഞിരുന്ന സാവിത്രി അമ്മയെ ഹരിപ്പാട് താമസിക്കുന്ന മകള്‍ ലാലി ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതെ വന്നതിനെതുടര്‍ന്ന് സെപ്തംബര്‍ 7ന് സ്ഥലത്തെത്തി അയല്‍വാസികളോട് അന്വേഷിച്ചു. ബന്ധുവീടുകളില്‍ തിരക്കിയിട്ടും കണ്ടെത്താനാകാതെ വന്നതോടെ

കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കി. സാവിത്രി അമ്മ പോകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞ പാലായിലെ ഒരു മഠത്തിലും ഓച്ചിറയിലും പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സുനില്‍കുമാര്‍ ഇടയ്ക്കിടെ സ്റ്റേഷനിലെത്തി അന്വേഷണ വിവരം തിരക്കുമായിരുന്നു.

താന്‍ ബന്ധുവീടുകളില്‍ അന്വേഷിച്ച്‌ വരികയാണെന്നും പൊലീസിനെ ധരിപ്പിച്ചു. പക്ഷേ ഒരു ബന്ധുവീട്ടിലും അന്വേഷിച്ച്‌ ചെന്നിട്ടില്ലെന്ന് പൊലീസ് മനസിലാക്കിയതോടെ സുനില്‍‌കുമാര്‍ സംശയ നിഴലിലായി.

സാവിത്രി അമ്മയെ കാണാതായ ദിവസം വീട്ടില്‍ ബഹളവും നിലവിളിയും കേട്ടതായി അയല്‍വാസികള്‍ മൊഴി നല്‍കിയതോടെ പൊലീസ് വെള്ളിയാഴ്ച സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശനിയാഴ്ചയോടെ കുറ്റം ഏറ്റുപറഞ്ഞു.

2015 ഡിസംബര്‍ 27ന് അയത്തില്‍ പാര്‍വത്യാര്‍ ജംഗ്ഷനിലെ ഹോളോബ്രിക്സ് കമ്ബനിയിലെ നിര്‍മ്മാണ തൊഴിലാളിയായ കാവുമ്ബള കുന്നില്‍ വീട്ടില്‍ സുരേഷ്ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുനില്‍കുമാര്‍. ഇന്ന് കോടതിയില്‍ ഹാജരാക്കും. സുനില്‍കുമാറിനെ കൂടാതെ സാബു, ലാലി, അനി എന്നിവര്‍ സാവിത്രി അമ്മയുടെ മക്കളാണ്.

ഭാര്യയെ കാണാനില്ലെന്ന

പരാതിയുമായും സ്റ്റേഷനില്‍
സാവിത്രി അമ്മ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സുനില്‍കുമാര്‍ ഭാര്യ രജനിയെ കാണാനില്ലെന്ന പരാതിയുമായി ഈസ്റ്റ് സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് മുളങ്കാടകത്ത് വീട്ടുജോലിക്ക് നിന്നിരുന്ന രജനിയെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു.

അയല്‍വാസികള്‍ വല്ലവിവരവും പൊലീസിന് നല്‍കിയിട്ടുണ്ടോയെന്ന് അറിയാനാണ് നേരത്തേ പിണങ്ങിപ്പോയ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനില്‍ ഇയാള്‍ എത്തിയതെന്ന് കരുതുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>