Sunday, 20 Oct, 12.01 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
അഞ്ച് മണ്ഡലങ്ങളില്‍ കൊട്ടിക്കലാശം- കൊടുങ്കാറ്റടങ്ങി, ഇന്ന് ശാന്തം, നാളെ വോട്ട്

 കണ്ടത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും സൃഷ്ടിച്ച്‌ കേരളത്തിന്റെ വടക്കേയറ്റം തൊട്ട് തെക്കേയറ്റം വരെ അലയടിച്ച പ്രചാരണക്കൊടുങ്കാറ്റ് ഇന്നലെ കെട്ടടങ്ങി. ഇന്ന് നിശബ്ദ പ്രചാരണം. നാളെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനായി ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. 24നാണ് വോട്ടെണ്ണല്‍.

മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ വീറുറ്റ പോരാട്ടത്തിന്റെ ആവേശം കത്തി ജ്വലിപ്പിച്ചായിരുന്നു ഇന്നലെ വൈകിട്ട് പ്രചാരണത്തിന്റെ കൊട്ടിക്കലാശം.

അഞ്ച് മണ്ഡലങ്ങളില്‍ ഒരുമിച്ച്‌ ഉപതിരഞ്ഞെടുപ്പ് ഒരുപക്ഷേ ആദ്യമാണ്. അതിന്റെ രാഷ്ട്രീയപ്രാധാന്യം പ്രചാരണഗോദയിലും നിറഞ്ഞുനിന്നു. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും മുന്‍നിര നേതാക്കള്‍ കളത്തിലിറങ്ങി പ്രചാരണം കൊഴുപ്പിച്ചു.

ഒരു വര്‍ഷത്തിനപ്പുറം തദ്ദേശഭരണ തിരഞ്ഞെടുപ്പും ഒന്നര വര്‍ഷത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, മൂന്ന് മുന്നണികള്‍ക്കും ആത്മവിശ്വാസമുയര്‍ത്താന്‍ ഉപതിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം അനിവാര്യം. ആരോപണ - പ്രത്യാരോപണങ്ങള്‍ കൊടുമ്ബിരിക്കൊണ്ടപ്പോള്‍, ചിലേടങ്ങളിലെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ വിവാദത്തിന്റെ ഓളങ്ങള്‍ തീര്‍ത്തു. പരസ്യപ്രചാരണത്തിന്റെ അവസാന നാളുകള്‍ ജാതി, സമുദായ കേന്ദ്രീകൃതമായത് തിരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു. എസ്.എന്‍.ഡി.പി യോഗവും എന്‍.എസ്.എസും രാഷ്ട്രീയപ്പാര്‍ട്ടികള്‍ രൂപീകരിച്ച കാലത്തിന് ശേഷം ഒരു സമുദായ സംഘടന പ്രത്യേക മുന്നണിക്കായി പരസ്യമായി രംഗത്തിറങ്ങുന്നത്, വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിനായി എന്‍.എസ്.എസാണ്. ഉപതിരഞ്ഞെടുപ്പില്‍ നിഷ്‌പക്ഷ നിലപാടായിരിക്കുമെന്ന് പ്രഖ്യാപിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാകട്ടെ എന്‍.എസ്.എസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു.

ശബരിമല വിവാദം ചര്‍ച്ചയാക്കില്ലെന്ന് നേരത്തേ മുന്നണികള്‍ പ്രഖ്യാപിച്ചെങ്കിലും എന്‍.എസ്.എസ് സ്വാധീനമണ്ഡലങ്ങളില്‍ ചര്‍ച്ചയാക്കാന്‍ യു.ഡി.എഫ് ശ്രദ്ധിച്ചു. ശബരിമലയുടെ പേരിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എന്‍.എസ്.എസ് ശരിദൂരം പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ശബരിമല വികസനത്തിന് ചെലവിട്ട തുകയുടെ കണക്കുകള്‍ പറഞ്ഞ് വിശ്വാസികള്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മുഖ്യമന്ത്രി സമര്‍ത്ഥിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ബദല്‍ കണക്കും നിരത്തി.

പാലാ ഉപതിരഞ്ഞെടുപ്പ് വിജയത്തിലൂടെ നേടിയ ഊര്‍ജം കൈമുതലാക്കി അഞ്ചിടത്തും യുവാക്കളെ ഇറക്കി പട്ടിക ആദ്യമേ പ്രസിദ്ധീകരിച്ച ഇടതുനേതൃത്വം പ്രചാരണരംഗത്ത് തുടക്കംതൊട്ട് ആധിപത്യം പുലര്‍ത്തിയെങ്കില്‍ മന്ത്രി കെ.ടി. ജലീലിനെതിരെയുയര്‍ന്ന വിവാദം അവസാനനിമിഷം അവരെ അല്പം പ്രതിരോധത്തിലാക്കി.

വിജയം ഉറപ്പിച്ച്‌ മുന്നണികള്‍

അഞ്ച് മണ്ഡലങ്ങളില്‍ അരൂരൊഴിച്ചെല്ലാം യു.ഡി.എഫിന്റെ കൈവശമാണ്. പരമാവധി സീറ്റുകള്‍ പിടിച്ച്‌ കരുത്ത് കാട്ടാനാണ് ഇടത് ശ്രമം. സര്‍ക്കാരിന്റെ വിലയിരുത്തലായി വിശേഷിപ്പിക്കപ്പെടുമെന്നതിനാല്‍ ചിട്ടയായ പ്രവര്‍ത്തനമാണ് ഇടതിന്റേത്. അരൂര്‍ നിലനിറുത്തിയാലും പാലായുടെ ബലത്തില്‍ പിടിച്ചുനില്‍ക്കാമെന്നതിനാല്‍ അധികം കിട്ടുന്നതെല്ലാം ബോണസാണ്. അത് നേടി യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാനവര്‍ ആഗ്രഹിക്കുന്നു. പാലാ കൈവിട്ട യു.ഡി.എഫിനാകട്ടെ സിറ്റിംഗ് സീറ്റുകള്‍ നാലും നിലനിറുത്തിയേ തീരൂ. അരൂരും പിടിച്ചെടുത്ത് സമ്ബൂര്‍ണ വിജയത്തോടെ 'പാലാക്ഷീണം' മറികടക്കാനാണ് ശ്രമം. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കഴിഞ്ഞതവണ രണ്ടാമതെത്തിയ ബി.ജെ.പി കോന്നിയില്‍ ഉള്‍പ്പെടെ വിജയ പ്രതീക്ഷയിലാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top